Advertisement

‘പൊലീസ് വലിച്ചിഴച്ചു, ലാത്തികൊണ്ട് കുത്തി’; സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ആരോപണവുമായി സ്ത്രീകള്‍

March 18, 2022
Google News 1 minute Read

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട് കല്ലായിയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ലാത്തികൊണ്ട് കുത്തിയെന്ന ആരോപണവുമായി സ്ത്രീകള്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും വലിച്ചിഴച്ചെന്നുമാണ് ആരോപണം. മുന്‍കൂട്ടി അറിയിക്കാതെ സര്‍വേ കല്ല് സ്ഥാപിക്കാനെത്തിയ അധികൃതരുടെ നീക്കത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും പ്രതിഷേധമുയര്‍ത്തുകയുമായിരുന്നു. അധികൃതര്‍ സ്ഥാപിച്ച ഏഴ് സര്‍വേക്കല്ലുകളും നാട്ടുകാര്‍ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചി മാമലയില്‍ സര്‍വേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി നാട്ടുകാരും ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി. അതേസമയം ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.

ഇതിനിടെ മാടപ്പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഭരണപക്ഷത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സഭാ നടപടികള്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതിഷേധിച്ചു.

മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. യു ഡി എഫ് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു. ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ സഭയില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: anti silverline protesters against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here