‘ജെന്‍ സി’ക്ക് മുന്നില്‍ മുട്ടുമടക്കി; നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും യുവാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കലാപമായ നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ വീട് പ്രക്ഷോഭകര്‍ കത്തിക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബെ, മന്ത്രിമാരായ ദീപക് കഡ്ക, പൃഥ്വി സുബ്ബ ഗുര്‍ഗ എന്നിവരുടെ വീടുകളും കത്തിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രിമാരുടെ വീടുകള്‍ക്കും നേരെ തീവയ്പ്പും കല്ലേറുമുണ്ടായി. സമരക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. പ്രധാനമന്ത്രി കെപി ശര്‍മ ഒലി ദുബായിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേപ്പാള്‍ സര്‍ക്കാരിനുനേരേ ‘ജെന്‍ സീ വിപ്ലവം’ എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. തിങ്കളാഴ്ച സുരക്ഷാ സേന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ അക്രമാസക്തമായി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട പൊലീസ് വെടിവെപ്പില്‍ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു.
Story Highlights : Nepal PM KP Sharma Oli resigns after Gen Z protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




