Advertisement

മുഖ്യമന്ത്രിയുടെ പ്രവർത്തനം ഏകാധിപതിയെപ്പോലെയെന്ന് വി. മുരളീധരൻ

March 18, 2022
Google News 2 minutes Read

സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സമീപനം ഏകാധിപതിയെപ്പോലെയാണെന്ന് വി. മുരളീധരൻ ആരോപിച്ചു. ഏകാധിപതികളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ പാരമ്പര്യമുള്ള നാടാണിത്. സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല.
സിൽവർ ലൈനുമായി ബന്ധപ്പെട്ട് അപ്പർ ക്ലാസ് മാന്യന്മാരുമായുള്ള സല്ലാപത്തെയാണ് മുഖ്യമന്ത്രി ചർച്ചയെന്ന് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ കിടപ്പാടം മാത്രമുള്ള പാവപ്പെട്ടവരോടാണ് മുഖ്യമന്ത്രി ചർച്ച നടത്തേണ്ടത്. പാവപ്പെട്ടവരുടെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് കെ റെയിൽ നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ല. കല്ല് മുഴുവൻ പിഴുത് മാറ്റുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിന്റെ പ്രതിഷേധം സഭയിൽ മാത്രമായി ഒതുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്തത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ച് കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്ത്രീകളെ പൊലീസുകാർ കൈയേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ പ്രതിഷേധം കാണാനും കേൾക്കാനുമുള്ള മാനസികാവസ്ഥയിലല്ല മുഖ്യമന്ത്രി.

Read Also : കോട്ടയം മാടപ്പള്ളിയിലെ സിൽവർലൈൻ സർവേക്കല്ല് പിഴുത് മാറ്റിയ നിലയിൽ

ജനങ്ങളെ പൊലീസ് അടിച്ചമർത്തുമ്പോൾ സമാധാനപരമായി സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. കേരളത്തെ തകർക്കാനുള്ള സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് യു.ഡി.എഫ് സംഘടിപ്പിക്കാൻ പോകുന്നത്. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭാ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.

നിയമസഭയിലെ ചോദ്യോത്തര വേള സർക്കാരിനെ ആക്ഷേപിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്നും അപവാദങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിക്കാനാണ് വി.‍ഡി. സതീശൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെട്ടിച്ചമച്ച കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് സഭയിലുണ്ടായത്.

Story Highlights: Chief Minister was acting like a dictator; Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here