സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

നിയമസഭയിലെ ചോദ്യോത്തര വേള സർക്കാരിനെ ആക്ഷേപിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്നും അപവാദങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെട്ടിച്ചമച്ച കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് സഭയിലുണ്ടായത്.
സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്തത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ ആരോപിച്ചിരുന്നു. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Read Also : മാടപ്പള്ളിയിലെ പൊലീസ് നടപടി; നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം
കൊച്ച് കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്ത്രീകളെ പൊലീസുകാർ കൈയേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ പ്രതിഷേധം കാണാനും കേൾക്കാനുമുള്ള മാനസികാവസ്ഥയിലല്ല മുഖ്യമന്ത്രി. ജനങ്ങളെ പൊലീസ് അടിച്ചമർത്തുമ്പോൾ സമാധാനപരമായി സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. കേരളത്തെ തകർക്കാനുള്ള സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് യു.ഡി.എഫ് സംഘടിപ്പിക്കാൻ പോകുന്നത്.
കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭാ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.
നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ ഇന്ന് രാവിലെ പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ 10 മണിക്ക് ശേഷം പെരുന്നയിൽ നിന്ന് നഗരത്തിലേക്ക് ഹർത്താലിനോട് അനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്.
Story Highlights: CM criticizes opposition for boycotting assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here