Advertisement

ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ മലയാള സിനിമ കാലത്തെ അടയാളപ്പെടുത്തുന്നു: അനുരാഗ് കശ്യപ്

March 18, 2022
Google News 2 minutes Read

ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞു. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നാണ്. മുഖ്യധാരയിലും പരീക്ഷണങ്ങള്‍ നടക്കുന്നു എന്നതാണ് മലയാള സിനിമയുടെ പ്രത്യേകത. അത് ഈ മണ്ണില്‍ വേരുറപ്പിക്കുന്നതും സമയ കാലങ്ങളെ അടയാളപ്പെടുക്കുന്നതുമാണ്. അത് ഹിന്ദിയില്‍ ഞാന്‍ കാണുന്നില്ലെന്ന് അനുരാഗ് പറഞ്ഞു.

തന്റെ സുഹൃത്തുക്കളില്‍ ഒട്ടേറെ മലയാളികള്‍ ഉണ്ടെന്നും ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് നാലു വര്‍ഷങ്ങളായി ഐഎഫ്എഫ്‌കെയ്ക്ക് എത്താന്‍ ശ്രമിക്കുന്നു. പക്ഷേ സമയ അപര്യാപ്തത കാരണം സാധ്യമായില്ല. തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ ഏറെയും കേരളത്തില്‍ നിന്നാണെന്ന സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, 26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന വേദിയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു. മേളയുടെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിതമായാണ് അതിഥിയായി നടി ഭാവന എത്തിയത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.

”അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവസരം നല്‍കിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാ വിധ ആശംസകളും.- ഭാവന പറഞ്ഞു.

ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്ന് മന്ത്രി സജി ചെറിയാന്‍. ‘ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമ. പ്രിയപ്പെട്ട ഭാവന, ഞാന്‍ അഭിമാനത്തോടെ പറയുന്നു, നിങ്ങള്‍ കേരളത്തിന്റെ റോള്‍ മോഡലാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയല്‍ രംഗത്തും എല്ലാ മേഖലകളിലും സ്ത്രീ സുരക്ഷിത്വം ഉറപ്പുവരുത്താന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു നിയമം സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.’-മന്ത്രി പറഞ്ഞു.

Story Highlights: Marks the era of Malayalam cinema: Anurag Kashyap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here