Advertisement

നാൽപത് കടന്നവർ ഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കേണ്ടതുണ്ടോ?

March 18, 2022
Google News 2 minutes Read

പ്രായമാകുംതോറും ശരീരത്തിന്റെ ആകെയും ആന്തരീകാവയവങ്ങളുടെയെുമെല്ലാം പ്രവർത്തനം കുറഞ്ഞുവരുമെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും കാത്തുസൂക്ഷിക്കാനുമുള്ള മാർഗങ്ങൾ നാം കണ്ടെത്തണം.

ഡയറ്റ്, അഥവാ നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാരോഗ്യം നിർണയിക്കുന്നത്. അവശ്യം വേണ്ടുന്ന എല്ലാ ഘടകങ്ങളും നാം ഭക്ഷണത്തിൽ നിന്നാണ് കണ്ടെത്തുന്നത്.

എന്നാൽ പ്രായമേറുമ്പോൾ ദഹനാവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായി മാറുന്നുവെന്നതിനാൽ ഭക്ഷണം കുറച്ചുകഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതുപോലെ ഒരു പ്രായം കടന്നവർ ഭക്ഷണത്തിൽ ചിലത് ശ്രദ്ധിക്കാനുണ്ടെന്നും പറയുന്നത് കേട്ടിട്ടില്ലേ?

പ്രധാനമായും ‘ഷുഗർ’, ‘കൊളസ്‌ട്രോൾ’ പോലുള്ള ജീവിതശൈലീരോഗങ്ങൾ പിടിപെടാതിരിക്കാനാണ് ഇത്തരത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് നിർദേശിക്കുന്നത്. എന്തെന്നാൽ ഇങ്ങനെയുള്ള അസുഖങ്ങളെല്ലാം തന്നെ ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നവയാണ്.

നാൽപത് കടന്നവർ, പ്രത്യേകിച്ച് പുരുഷന്മാർ മുട്ട പരമാവധി ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശവും ഇതുപോലെ കേൾക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ ആവശ്യമുണ്ടോ?

മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലെങ്കിൽ നാൽപത് കടന്നവരാണെങ്കിൽ സവിശേഷിച്ചും പുരുഷന്മാർ നിത്യവും ഓരോ മുട്ടയെങ്കിലും കഴിക്കണമെന്നുള്ളതാണ് സത്യം. കാരണം എല്ലുകൾക്കും പേശികൾക്കും ബലക്ഷയം സംഭവിച്ചുതുടങ്ങുന്ന പ്രായമാണിത്. പ്രോട്ടീനിന്റെ വളരെയധികം ആവശ്യം ശരീരം നേരിടുന്ന സമയം.

ഈ ഘട്ടത്തിൽ ഏറ്റവും വിലക്കുറവിൽ നമുക്ക് പ്രോട്ടീൻ ലഭ്യമാക്കുന്ന ആഹാരമായ മുട്ട ഒഴിവാക്കുകയല്ലല്ലോ, ഡയറ്റിലുൾപ്പെടുത്തുകയല്ലേ വേണ്ടത്. സമാനമായ നിർദേശം പല പഠനങ്ങളും മുമ്പ് പങ്കുവച്ചിട്ടുമുണ്ട്. അതായത്, പ്രായമായവർ മറ്റ് വിഷമതകളൊന്നുമില്ലെങ്കിൽ ദിവസവും മുട്ട കഴിക്കുന്നത് വളരെ നല്ലതാണെന്ന നിഗമനം.

നാൽപത് കടന്നവരിൽ പേശീബലം മെച്ചപ്പെടുത്താനാണ് പ്രധാനമായും മുട്ട പ്രയോജനപ്പെടുന്നത്. മുട്ടയിലടങ്ങിയിരിക്കുന്ന ‘ല്യൂസിൻ’ എന്ന അമിനോ ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്.

എന്നാൽ മിതമായ അളവിലേ മുട്ട കഴിക്കാവൂ. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. മുട്ട അമിതമായാൽ ഗുണങ്ങൾക്ക് പകരം ശരീരത്തിന് ദോഷങ്ങളും ഉണ്ടാകാം. ആഴ്ചയിൽ ഏഴ് മുട്ട എന്ന അളവിൽ ശരാശരി ആരോഗ്യമുള്ള ഒരാൾക്ക് കഴിക്കാവുന്നതാണ്.

പുഴുങ്ങിയ ഒരു വലിയ മുട്ടയിൽ ആണെങ്കിൽ 77 കലോറിയും, 0.6 ഗ്രാം കാർബോഹൈഡ്രേറ്റും, 5.3 ഗ്രാം കൊഴുപ്പും, 212 മില്ലിഗ്രാം കൊളസ്‌ട്രോളും 6.3 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതുപോലെ വൈറ്റമിൻ- എ, ബി2, ബി12, ബി5, ഫോസ്ഫറസ്, സെലേനിയം എന്നിവയുടെയെല്ലാം കലവറയാണ് മുട്ട.

Story Highlights: Should people over forty avoid eggs in their diet?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here