സംരംഭകയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു

കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് റിന്‍സിയെന്ന യുവതിയെ മക്കളുടെ മുന്നിലിട്ടാണ് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. റിന്‍സിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. വ്യാഴാഴ്ച രാത്രി സ്‌കൂട്ടറില്‍ തുണിക്കട അടച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു റിന്‍സിയെ റിയാസ് വെട്ടിയത്.
വെട്ടേറ്റ് ചികിത്സയിലായിരുന്ന റിന്‍സി ഇന്നലെയാണ് മരിച്ചത്. കൊലപാതകത്തിനുശേഷം പൊലീസ് റിയാസിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് 500 മീറ്റര്‍ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡില്‍ വച്ചാണ് റിന്‍സിക്ക് വെട്ടേല്‍ക്കുന്നത്. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിന്‍സി. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് ഇവരെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. റിന്‍സിയുടെ തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. എറിയാട് ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യയാണ് റിന്‍സി.
Story Highlights: murder case accused suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here