Advertisement

സുധാകരന് തടയിട്ടത് സതീശന്‍ – കെസി ചേരി; ചെന്നിത്തല – മുരളി സഖ്യത്തിന്റെ ഉന്നം കെ.സി.വേണുഗോപാല്‍

March 19, 2022
Google News 2 minutes Read

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജെ.ബി.മേത്തറെ പ്രഖ്യാപിച്ചത് കെ.സുധാകരന് തിരിച്ചടിയായി. എം.ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സുധാകരന്റെ നീക്കം തകര്‍ത്തത് കെ.സി.വേണുഗോപാല്‍ – വി.ഡി.സതീശന്‍ ചേരിയുടെ നീക്കമാണ്. രാജ്യസഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന ഭാരവാഹിപ്പട്ടികയും കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കും.

സ്ഥാനാര്‍ത്ഥിയായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മനസില്‍ കണ്ടത് എം.ലിജുവിനെയായിരുന്നു. ഡല്‍ഹിയില്‍ ഹൈക്കമാന്റിനു മുന്നില്‍ ലിജുവിനേയും കൂട്ടി സുധാകരന്‍ പോയതും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചാണ്.

സുധാകരന്‍ ലിജുവിനെക്കൂട്ടി ഡല്‍ഹിയിലെത്തിയതോടെ മറ്റു ഗ്രൂപ്പുകള്‍ ഉണര്‍ന്നു. ഇതോടെ ഹൈക്കമാന്‍ഡിനു മേലും സമ്മര്‍ദം ശക്തമായി. ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്റ് പച്ചക്കൊടി കാട്ടില്ലെന്നു വ്യക്തമായതോടെയാണ് സുധാകരന്‍ ഡല്‍ഹിയില്‍ നിന്നു മടങ്ങിയത്.

മഹിള കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറെ നിര്‍ദേശിച്ചത് കെ.സിവേണുഗോപാല്‍ – വി.ഡി.സതീശന്‍ ചേരിയാണ്. മടപ്പള്ളിയിലെ സന്ദര്‍ശനത്തിനു ശേഷം വി.ഡി.സതീശന്‍ കെ.സുധാകരനെ ഫോണില്‍ വിളിച്ച് ജെ.ബിയുടെ പേര് ഉറപ്പിക്കുകയും ചെയ്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരിച്ചടി നേരിട്ട കെ.സുധാകരന് പക്ഷേ അതിശക്തമായി പ്രതികരിക്കാനും കഴിയുന്നില്ല. തല്‍ക്കാലം ഹൈക്കമാന്‍ഡ് നിലപാടിനൊപ്പം പോവുകയേ വഴിയുള്ളൂ.

മറുവശത്ത് രമേശ് ചെന്നിത്തല – കെ.മുരളീധരന്‍ ചേരി കെ.സി.വേണുഗോപാലിനെ ഉന്നമിടുകയാണ്. ഹിന്ദി അറിയുന്നവര്‍ ദേശീയ ചുമതലയില്‍ വരണമെന്ന കെ.മുരളീധരന്റെ പരാമര്‍ശം കെ.സി.വേണുഗോപാലിനെ ഉന്നമിട്ടാണ്. ചുരുക്കത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ കലങ്ങിത്തെളിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിഞ്ഞേക്കും.

Story Highlights: Sudhakaran blocked by Satheesan – KC Cheri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here