കൊറിയർ മുഖേനെയും കഞ്ചാവ് കടത്ത് ; മൂന്ന് പേർ പിടിയിൽ

പെരുമ്പാവൂർ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം മുഖേനെ ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച കേസിൽ മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തു. കോതമംഗലം ആളക്കൽ വീട്ടിൽ മൻസൂർ (24), കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ(24), പുളിമല കാഞ്ഞിരക്കുഴി വീട്ടിൽ വിമൽ (24) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ പിടികൂടിയിരുന്നു.
കിലോയ്ക്ക് രണ്ടായിരം മുതൽ മുവായിരം രൂപ വരെ നൽകി ആന്ധ്രയിൽ നിന്ന് വാങ്ങി ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനുമാണ് കേരളത്തിൽ വിൽക്കുന്നത്. 30 കിലോ കഞ്ചാവാണ് കഴിഞ്ഞ ഒക്ടോബറിൽ കൊറിയറായി വിമലിന്റെ പേരിലെത്തിയത്. ഗോകുലാണ് ആന്ധ്രയിലെ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്ന് കഞ്ചാവ് വാങ്ങി നാട്ടിലേക്ക് അയച്ചത്.
Read Also :എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
പത്ത് കിലോ കഞ്ചാവുമായി ഇയാളെ നേരത്തെ ആന്ധ്ര പൊലീസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഗോകുൽ വ്യാപകമായി കഞ്ചാവ് കച്ചവടം ആരംഭിച്ചത്. നേരത്തേയുള്ള കേസിൽ നാല് കിലോ കഞ്ചാവുമായി തൃശൂർ അയ്യന്തോൾ പൊലീസും ഗോകുലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പുവാട്ടുപറമ്പിൽ നിന്ന് പൊലീസ് പിടികൂടിയത്. എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീമാണ് പ്രതികളെ കുടുക്കിയത്.
Story Highlights: Cannabis smuggled through courier