ഹോളി ആഘോഷത്തിനിടെ തർക്കം, യുവാവിനെ കുത്തിക്കൊന്നു

പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ യുവാവിനെ കുത്തിക്കൊന്നു. ഹോളി ആഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനോഹർ പാർക്ക് ഏരിയയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഹോളി ആഘോഷിക്കാൻ സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു സഹോദരങ്ങളായ പ്രസാദും മനോജും. ഇരുവരും ഉച്ചത്തിൽ ഗാനം മുഴക്കുന്നതിനെ അയൽവാസികൾ ചോദ്യം ചെയ്തു. താമസിയാതെ തർക്കം അക്രമാസക്തമായി. ഇതിനിടെ മനോജിന് കുത്തേറ്റു. മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അക്രമത്തിൽ യുവാവിന്റെ സഹോദരനും പരുക്കേറ്റു.
സംഭവത്തിന്റെ ദൃക്‌സാക്ഷിയും മരിച്ചയാളുടെ സഹോദരിയുമായ ഖുശ്ബുവിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി ഡിസിപി അറിയിച്ചു. അയൽവാസികളായ മിഥുൻ സാഹ്നി, രാജ്കുമാർ, ബിജേന്ദർ സാഹ്നി, ഗരിബൻ കുമാർ, തിൽജു സാഹ്നി, രവീന്ദ്ര സാഹ്നി എന്നിവരാണ് പ്രതികൾ.
Story Highlights: dispute-during-holi-celebration-young-man-stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here