‘കൊമ്പന്മാർ എത്തി, ഇനി പൊടിപ്പറും ഫൈനൽ പോരാട്ടം’; ലൂണ കളിക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(ISL) കാത്തിരുന്ന ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങാൻ അൽപ്പസമയം കൂടി. കന്നിക്കിരീടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും കൊമ്പുകോർക്കും. ഇരു ടീമും ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തിച്ചേർന്നു. വൈകിട്ട് 7.30 നാണ് കലാശപ്പോരാട്ടം.
കിരീടത്തിൽ ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. നെഞ്ചോട് ചേർത്ത ടീമിന് പിന്തുണയുമായി ആരാധകരയുടെ അനിയന്ത്രിതമായ ഒഴുക്കാണ് ഗോവയിലേക്ക്. അക്ഷരാർത്ഥത്തിൽ ഗോവ മഞ്ഞക്കടലായി മാറുന്ന കാഴ്ച. കാണികൾ സ്റ്റേഡിയത്തിന് ഉള്ളിൽ പ്രവേശിച്ചു തുടങ്ങി. ഇനി കപ്പുയർത്തും നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം പ്രേക്ഷകപ്രതീക്ഷ വാനോളം ഉയർത്തി ആൻഡ്രിയൻ ലൂണ ഇന്നത്തെ മത്സരം കളിക്കും.
ഹൈദരാബാദിന് കന്നി ഫൈനലാണെങ്കില്‍ മറുപക്ഷത്ത് കേരളത്തിന് ഇത് മൂന്നാമൂഴമാണ്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങി. ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു.
Story Highlights: isl finals kerala blasters vs hydrabad fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here