ഫോറസ്റ്റ് ഗൈഡിംഗില്‍ ലൈസന്‍സ് ലഭിച്ച ആദ്യ വനിത തട്ടേക്കാടുണ്ട്; പ്രതിസന്ധികളില്‍ തളരാത്ത കാടിന്റെ സ്വന്തം സുധാമ്മയുടെ കഥ
സദാസമയവും പക്ഷികളുടെ ശബ്ദം മുഴങ്ങുന്ന തട്ടേക്കാട്. നൂറുകണക്കിന് പക്ഷികള്‍ കൂടുകൂട്ടിയ കാട്. വിവിധ നിറത്തിലുള്ള, വിവിധ വലുപ്പത്തിലുള്ള പലതരം പക്ഷികള്‍. കാടിനെ അറിയാത്ത ആര്‍ക്കും ഈ പക്ഷികളുടെ ശബ്ദം വേറിട്ട് തിരിച്ചറിയാന്‍ കഴിയില്ല. ഓരോയിനം പക്ഷികളേയും പേരുപറഞ്ഞ് മനസിലാക്കാനാകില്ല. തട്ടേക്കാടേക്ക് ചെല്ലുമ്പോള്‍ ഇതെല്ലാം പറഞ്ഞ് മനസിലാക്കിത്തരാന്‍ അവിടെ ഒരാളുണ്ട്. ഫോറസ്റ്റ് ഗൈഡിംഗില്‍ ലൈസന്‍സ് ലഭിച്ച ആദ്യ വനിതയായി ചരിത്രം തീര്‍ത്ത 67കാരിയായ സുധാ ചന്ദ്രന്‍. തട്ടേക്കാടിന്റെ തുടിപ്പും താളവും തൊട്ടറിഞ്ഞ, പ്രതിസന്ധികളെയെല്ലാം ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ തട്ടേക്കാടിന്റെ സ്വന്തം സുധാമ്മ.
സുധാമ്മ തട്ടേക്കാടിലെത്തുന്നവരെ നിറപുഞ്ചിരിയോടെ വരവേല്‍ക്കാന്‍ തുടങ്ങിയിട്ട് 22 വര്‍ഷമായി. രാവിലെ ആറ് മണിക്ക് കാടുകാണാനെത്തുന്ന വിരുന്നുകാരോടൊപ്പം പുറപ്പെട്ടാല്‍ പിന്നെ പത്തരയാകും മടങ്ങാന്‍. അതിനിടെ 40 സ്പീഷിസുകളെയങ്കിലും ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തും. വിദേശികളോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ എത്തുമ്പോള്‍ ഇംഗ്ലീഷാകും സുധാമ്മയുടെ ഭാഷ. ഏത് നാട്ടില്‍ നിന്ന് ആര് വന്നാലും സുധാമ്മ അവര്‍ക്ക് കാടിനെപ്പറ്റി പറഞ്ഞുകൊടുക്കും. കാടിന്റെ ഭാഷ സുധാമ്മയോളം അറിയുന്ന ആരുമില്ലെന്ന ആത്മവിശ്വാസത്തോടെ.
Read Also : തിരിച്ചുവരവുകൾ ഇനിയും ആഘോഷിക്കപ്പെടട്ടെ; “ഭാവന” പെൺകരുത്തിന്റെ മറ്റൊരു പേര്…
കാറ്റും കോളും ഇരുളും വെളിച്ചവും ഭീതിയും കൗതുകവും നിറഞ്ഞ കാടുപോലെയാണ് സുധാമ്മയുടെ ജീവിതവും. ഭര്‍ത്താവിന്റെ മരണവും രണ്ട് മക്കളെ വളര്‍ത്താനുള്ള കഷ്ടപ്പാടുകളും ക്യാന്‍സറും സുധയെ പലവട്ടം തളര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ തോറ്റുകൊടുക്കില്ലെന്ന വാശിയിലായിരുന്നു സുധ. 50 വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ നിന്ന് കാട്ടിലെത്തുമ്പോള്‍ എല്ലാവരേയും പോലെ സുധാമ്മയ്ക്കും ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു. കാടിനെ മനസിലാക്കി വരാന്‍ സമയമെടുത്തു. എല്ലാത്തിനും തുണയായി നിന്ന ഭര്‍ത്താവ് ചന്ദ്രന്‍ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിട്ടുപോയതോടെ സുധാമ്മ തനിച്ചായി. തോറ്റുകൊടുക്കാന്‍ അവര്‍ക്ക് മനസുണ്ടായിരുന്നില്ല. ഒരു ചെറിയ കട തട്ടിക്കൂട്ടിയെടുത്തു. മക്കളുമായി കഷ്ടപ്പെട്ട് ജീവിക്കുന്ന തന്നെ കണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് നേച്ചര്‍ ക്യാമ്പില്‍ ഭക്ഷണമെത്തിക്കാനുള്ള ചുമതല ഏല്‍പ്പിച്ചതെന്ന് സുധാമ്മ പറയുന്നു. അന്ന് ക്യാമ്പില്‍ ഡോ സുഗതനാണ് ക്ലാസെടുക്കുന്നത്. എന്നും മറഞ്ഞുനിന്ന് ക്ലാസ് കേള്‍ക്കുന്ന സുധാമ്മയെ ശ്രദ്ധിച്ച അദ്ദേഹം ആ സ്ത്രീയെക്കൂടി കയറ്റിയിരുത്തൂ എന്ന് പറഞ്ഞതാണ് വഴിത്തിരിവായത്.
2018ലാണ് സുധാമ്മയെത്തേടി ക്യാന്‍സറെത്തുന്നത്. കഠിനമായി ചികിത്സയുടെ എട്ടുമാസക്കാലം താന്‍ ശരിക്കും മരിച്ചിരിക്കുകയായിരുന്നെന്നാണ് സുധാമ്മ പറഞ്ഞത്. നടക്കുന്ന വഴികളില്‍ രാജവെമ്പാലയേയും കാട്ടാനയേയും കണ്ടിട്ടും പതറാത്ത സുധാമ്മ ജീവിത വഴികളില്‍ ക്യാന്‍സറിനെക്കണ്ടിട്ടും പതറാതെ നിന്നു. ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ച് ചവുട്ടിക്കയറി. കാട്ടിലെ പക്ഷികളേയും പക്ഷികളുടെ കൂട്ടുകാരിയായ സുധാമ്മയേയും തേടി വീണ്ടും അതിഥികളെത്തുകയാണ്. ആയിരാമത്തെ അതിഥിയേയും ആദ്യത്തെ അതിഥിയായി കണ്ട് പുഞ്ചിരിച്ച് വരവേറ്റ് അവര്‍ക്കൊപ്പം ഉറച്ച ചുവടുകളോടെ സുധാമ്മ പ്രയാണം തുടരുകയാണ്…
Story Highlights: meet the first woman forest guide sudha chandran from thattekkadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here