എട്ടാം വയസില്‍ നിന്നുപോയ പഠനം പൂര്‍ത്തിയാക്കിയത് 44-ാം വയസില്‍;സന്തോഷത്തെ ഇച്ഛാശക്തി കൊണ്ട് വീണ്ടെടുത്ത് ലിസി

വീണ്ടെടുക്കാനാകുന്ന സന്തോഷങ്ങള്‍ മാത്രമേ നഷ്ടപ്പെടാറുള്ളൂ എന്ന് ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ലോക സന്തോഷ ദിനം വന്നെത്തുന്നത്. കണ്ടെത്താനും വീണ്ടെടുക്കാനും സാധിക്കുന്ന ഒന്ന് തന്നെയാണ് സന്തോഷവും. ഏത് പ്രയാസമുള്ള കാര്യവും സന്തോഷത്തോടെയും സംതൃപ്തിയോടെയും ചെയുമ്പോള്‍ അത് നിസാരമാകുന്നു. സന്തോഷ ദിനത്തിലെ ഈ ചിന്തകളെല്ലാം വളരെ അര്‍ഥവത്താണെന്ന് തെളിയിക്കുന്നുണ്ട് ഇടപ്പള്ളിയിലെ ലിസി എന്ന നിശ്ചദാര്‍ഢ്യമുള്ള സ്ത്രീയുടെ ജിവിതം. എട്ടാം വയസില്‍ ഇല്ലായ്മകള്‍ കൊണ്ട് നിന്നുപോയ പഠനം നാല്‍പ്പത്തി നാലാം വയസില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലിസി. വിദ്യാഭ്യാസം നേടുന്നതിനുള്ള ആഗ്രഹം ഊര്‍ജം പകര്‍ന്നതോടെ അറിവിനായുള്ള ഈ സ്ത്രീയുടെ യാത്രകളൊക്കെയും കൊച്ചുകൊച്ച് സന്തോഷങ്ങള്‍ കൊണ്ട് നിറഞ്ഞതായി.
പ്രാരാബ്ദങ്ങളുടേയും തിരക്കുകളുടേയും ഇടയിലും പഠിച്ച് നേടിയ സര്‍ട്ടിഫിക്കറ്റുകളോരോന്നും തന്റെ സന്തോഷങ്ങളായി ചേര്‍ത്തുപിടിക്കുകയാണ് ലിസി. ഒടുവില്‍ ലഭിച്ച ഓട്ടോമൊബൈല്‍ ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റ് ലിസിക്ക് ഇരട്ടി സന്തോഷവുമാകുന്നുണ്ട്. ചെറുപ്പത്തില്‍ അമ്മ നഷ്ടപ്പെട്ടതോടെയാണ് എട്ടാം വയസില്‍ ലിസിയുടെ പഠനം പാതി വഴിയില്‍ മുടങ്ങിപ്പോകുന്നത്. പിന്നീട് അച്ഛന്‍ ലിസിയെ ഒരു കുടുംബ സൃഹൃത്തിന്റെ വീട്ടില്‍ക്കൊണ്ടാക്കി. സാധാരണ കുടുംബമായതിനാല്‍ ആ വീട്ടുകാര്‍ക്ക് ലിസിയെ പിന്നീട് പഠിപ്പിക്കാന്‍ പറ്റിയില്ല. ആ വീട്ടിലെ കുട്ടികളെ സ്‌കൂളില്‍ വിടുമ്പോഴും പുസ്തകങ്ങള്‍ കാണുമ്പോഴും മനസില്‍ തോന്നിയിരുന്ന കൊതിയാണ് സ്വന്തം കാലില്‍ നില്‍ക്കുന്നതുവരെ ലിസി അണയാതെ സൂക്ഷിച്ചത്. ചെറുപ്പം വിടുന്നതിനുമുന്‍പ് വീട്ടുജോലിക്ക് പോകേണ്ടി വന്നിരുന്നെങ്കിലും പഠിക്കാനുള്ള ആഗ്രഹം പൊലിഞ്ഞുപോയിരുന്നില്ല.
Read Also : തിരിച്ചുവരവുകൾ ഇനിയും ആഘോഷിക്കപ്പെടട്ടെ; “ഭാവന” പെൺകരുത്തിന്റെ മറ്റൊരു പേര്…
തന്നെ പഠിപ്പിക്കാത്തതില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ല ലിസിക്ക്. എല്ലാവരുടേയും സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും താന്‍ മനസിലാക്കിയിരുന്നെന്ന് പക്വതയോടെ ലിസി പറയുന്നു. പിന്നീട് പഠിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമായി പോരാട്ടത്തിലായിരുന്നു ലിസി. അറിവ് നേടുന്നതും പകര്‍ന്നുകൊടുക്കുന്നതും സന്തോഷമായി കരുതിയിരുന്ന ലിസി തനിക്കറിയുന്ന ഡ്രൈവിംഗ് ജീവിതമാര്‍ഗമാക്കി. ഇടപ്പള്ളിയില്‍ ഡ്രൈംവിംഗ് സ്‌കൂള്‍ കെട്ടിപ്പൊക്കി.
വിദ്യാഭ്യാസത്തിനുള്ള ലിസിയുടെ ആഗ്രഹങ്ങള്‍ക്ക് തുണയായത് സാക്ഷരതാ മിഷന്റെ അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററായ സുബൈദയാണ്. മറ്റൊരാളിലും താന്‍ കാണാതിരുന്ന ഇച്ഛാശക്തിയും ആത്മവിശ്വാസവും താന്‍ ലിസിയുടെ മുഖത്ത് കണ്ടിരുന്നുവെന്ന് സുബൈദ പറയുന്നു. ഭര്‍ത്താവും രണ്ട് കുട്ടികളുമായി ഇപ്പോള്‍ ലിസി സന്തോഷത്തോടെ ജീവിക്കുകയാണ്. നഷ്ടപ്പെട്ട സന്തോഷങ്ങളെയെല്ലാം ഒറ്റയാള്‍ പോരാട്ടത്തിലൂടെ വീണ്ടെടുത്തതിന്റെ ആത്മവിശ്വാസവുമായി…
Story Highlights: the life story of lissy idappalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here