തിരിച്ചുവരവുകൾ ഇനിയും ആഘോഷിക്കപ്പെടട്ടെ; “ഭാവന” പെൺകരുത്തിന്റെ മറ്റൊരു പേര്…

ചില പോരാട്ടങ്ങൾ അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. അത് നീതിയ്ക്ക് വേണ്ടിയുള്ളതാകുമ്പോൾ പ്രത്യേകിച്ചും. കയ്യടികളോടെ, ആരവങ്ങളോടെ ഇന്നലെ ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ ഭാവനയെ ആളുകൾ വരവേറ്റപ്പോൾ പെൺകരുത്തിന്റെ മറ്റൊരു മുഖത്തിന് ആ സദസ് സാക്ഷിയായി. പൊരുതാൻ മറന്നുപോയ, വീഴ്ചകളിൽ തളർന്നുപോയ, തന്റേതല്ലാത്ത തെറ്റുകളുടെ ഭാരവുമേന്തി ഒളിച്ചോടേണ്ടി വന്ന ഒരായിരം പെണ്‍മുഖങ്ങളുടെ കരുത്തും തിരിച്ചുവരവുമാണ് ഭാവന. ഇന്നലെ ഭാവനയ്ക്കായി ആ വേദിയിൽ മുഴങ്ങിയ ഓരോ കയ്യടികളും ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ചിലപ്പോൾ നീതിയുടെ മുഖം ഇങ്ങനെയും ആകാം…
കരുത്തോടെയുള്ള ഓരോ തിരിച്ചുവരവുകളും ഇനിയും ആഘോഷിക്കപ്പെടട്ടെ… നീതിയ്‌ക്കൊപ്പമുള്ള, നീതിയ്ക്ക് വേണ്ടിയുള്ള ഓരോ പോരാട്ടങ്ങളും വിജയിക്കപ്പെടട്ടെ… ഓരോ കയ്യടികളും അഞ്ച് വർഷത്തെ നീതിയ്ക്കായുള്ള അവളുടെ പോരാട്ടത്തിനുള്ള ആദരവാണ്. അവൾക്കൊപ്പം തന്നെയാണ് എന്നത് ഊട്ടിയുറപ്പിക്കുകയായിരുന്നു. പൊതുവേദിയിലേക്കുള്ള ഭാവനയുടെ ചുവടുവയ്പ്പിലൂടെ ഈ സമൂഹത്തിന് ലഭിച്ചത് മാറുന്ന കാഴ്ചപ്പാടുകളുടെ, പുതിയ മുന്നേറ്റങ്ങളുടെ പുതു വെളിച്ചം.
സംവിധായകൻ രഞ്ജിത്ത് ഭാവനയ്ക്ക് നൽകിയ ആമുഖവും അതുതന്നെയായിരുന്നു “മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.”. ആ വാക്കുകൾ പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ ആളുകൾ കരഘോഷത്തോടെ ഭാവനയെ വരവേറ്റു. പ്രൗഢഗംഭീരമായ തിരിച്ചുവരവെന്നല്ലാതെ മറ്റൊന്നും അതിനെ വിശേഷിപ്പിക്കാനില്ല. ആ വേദിയെ ഭാവന അഭിസംബോധന ചെയ്തതും അങ്ങനെ തന്നെയാണ്. “നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍”.
Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ
അതെ, ആ വിശേഷണം എത്രമേൽ ശരിയാണ്. പോരാട്ടത്തിന്റെ പെൺകരുത്ത്. ഭാവന ഒരു ഓർമപ്പെടുത്തൽ തന്നെയാണ്. ഇര, ആക്രമിക്കപ്പെട്ട നടി എന്ന ഐഡന്റിറ്റിയിൽ നിന്ന് ‘ഞാൻ ഭാവന’ എന്നതിലേക്ക് അവൾ നടന്നുകയറിയ ദൂരവും പൊട്ടിച്ചെറിഞ്ഞ ചങ്ങലകളും ചെറുതല്ല. ഒരു നോട്ടം കൊണ്ടു പോലും നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ അധികാരമുണ്ടെന്ന് ധരിക്കുന്ന സമൂഹത്തിന് മുന്നിൽ തലയുയർത്തി തന്നെ അവൾ നിന്നു. “അതെ ഞാൻ ഭാവന”….
Story Highlights: Actress Bhavanain iffk inaugural function
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here