ന്യായീകരിച്ച് ശശി തരൂര്‍; സിപിഐഎം സെമിനാറില്‍ പങ്കെടുത്തെങ്കില്‍ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിച്ചേനെ

സിപിഐഎം സെമിനാറില്‍ പങ്കെടുക്കാനിരുന്നതിന്റെ കാരണങ്ങള്‍ നിരത്തി ന്യായീകരണവുമായി ശശി തരൂര്‍. സിപിഐഎം സെമിനാറില്‍ പങ്കെടുത്തെങ്കില്‍ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിച്ചേനെയെന്നും തരൂര്‍ പറഞ്ഞു. സിപിഐഎം ദേശീയ സമ്മേളനത്തിനാണ് ക്ഷണിച്ചത്. അതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. ദേശീയതലത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സമ്മേളനത്തിനും ക്ഷണമുണ്ടായിരുന്നു. അന്ന് ആരും വിവാദമാക്കിയില്ല. സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സിപിഐഎമ്മിനെ അറിയിച്ചതായും തരൂര്‍ പറഞ്ഞു.
ശശി തരൂര്‍ എംപിക്ക് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി തരൂരിനെ ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചത്.
വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കള്‍ പങ്കെടുത്താല്‍ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും കെ.സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തത്. ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാന്‍ തയ്യാറായാല്‍ നേതാക്കളെ സ്വാഗതം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
Story Highlights: Shashi Tharoor defends himself; If he had attended the CPI (M) seminar, he would have set a good example for the anti-BJP alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here