പ്രതിഷേധം ശക്തം; കല്ലായിയില്‍ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി

പ്രതിഷേധത്തെ തുടര്‍ന്ന് കല്ലായിയിലും ചോറ്റാനിക്കരയിലും സര്‍വേ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മലപ്പുറം തിരുനാവയയിലും പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേക്കല്ലിടല്‍ മാറ്റിവച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
കഴിഞ്ഞ ദിവസവും കല്ലിടാന്‍ കെ റെയില്‍ സംഘം കല്ലായിയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടുമെത്തിയ സംഘം ആദ്യഘട്ടത്തില്‍ റവന്യു ഭൂമിയിലാണ് കല്ലിടല്‍ ആരംഭിച്ചത്. അത് സ്വകാര്യ ഭൂമിയിലേക്ക് നീങ്ങിയതോടെ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് തടയുകയായിരുന്നു.
കല്ലായില്‍ നടന്ന പ്രതിഷേധത്തിനിടെ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു. സമര സമിതി പ്രവര്‍ത്തകരും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും സംഘടിച്ച് പൊലീസിനെതിരെ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണുണ്ടായത്. റോഡില്‍ മാര്‍ക്ക് ചെയ്യാനായി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന പെയിന്റ് പ്രവര്‍ത്തകര്‍ തട്ടിമറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സര്‍വേയ്ക്കായി വന്ന വാഹനം സ്ഥലത്തുനിന്ന് മാറ്റിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ സര്‍വേ സംഘം രാവിലെ മടങ്ങി. എന്നാല്‍ പ്രതിഷേധക്കാര്‍ മടങ്ങിപ്പോയെന്ന കണ്ടതോടെ ഉച്ചതിരിഞ്ഞ് സര്‍വേ സംഘം വീണ്ടുമെത്തുകയായിരുന്നു. ഒരു വീടിനകത്ത് കടന്ന് ഗെയിറ്റ് അടച്ചിട്ടശേഷം കല്ലുകള്‍ ഇടാനുള്ള ശ്രമം സംഘടിച്ചെത്തിയ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടികളും തടഞ്ഞു. തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് പൊലീസും നാട്ടുകാരും തമ്മിലുണ്ടായത്. തുടര്‍ന്ന് ഇന്നത്തെക്ക് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
അതേസമയം, സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതാല്‍ വീണ്ടും കല്ലിടുമെന്ന് കെ റെയില്‍ എംഡി വി.അജിത് കുമാര്‍. ഇപ്പോള്‍ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും നടത്തുക. പദ്ധതി വിഭാവനം ചെയ്തത് കേന്ദ്രത്തിന്റെ അനുമതിയോടെയാണ്. നഷ്ടപരിഹാരം നല്‍കാതെ ആരുടെയും ഭൂമി ഏറ്റെടുക്കില്ല.
കല്ലിടീല്‍ 2 മാസത്തിനുള്ളില്‍ തീര്‍ക്കും. അത് കഴിഞ്ഞശേഷം മൂന്ന് മാസത്തിനുള്ളില്‍ സാമൂഹ്യാഘാത പഠനം നടത്തും. സമരം മൂലം കല്ലിടീല്‍ തടസപ്പെട്ടാല്‍ പദ്ധതിക്ക് കാലതാമസമുണ്ടാകും. സര്‍വേ നടപടികളുമായി മുന്നോട്ടുതന്നെ പോവുമെന്നും തടസങ്ങള്‍ മാറ്റിത്തരേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ സമരത്തില്‍ തീവ്രവാദ സംഘടന ആളുകളെ ഇളക്കിവിടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാക്കുന്നു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. സര്‍വേ കല്ല് പിഴുത് മാറ്റിയാല്‍ വിവരം അറിയുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഈ പദ്ധതി നടപ്പാക്കിയാല്‍ പിന്നെ കോണ്‍ഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോള്‍ നടക്കുന്നത് അന്യായമായ സമരമാണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here