വെറുതേ കല്ലിടുന്നതാണോ വികസനം? മുഖ്യമന്ത്രിയുടെ പഴയ സന്ദേശം പങ്കുവെച്ച് വി ടി ബൽറാം

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് സർക്കാർ വിശേഷിപ്പിക്കുന്ന കെ റെയിലിനെതിരെ പ്രതിഷേധം കനക്കുകയാണ്. സംസ്ഥാനത്തുടനീളം പ്രതിഷേധ തീ ആളിപ്പടരുന്നു. പ്രതിപക്ഷ നേതാക്കൾ പദ്ധതിക്കെതിരെ മുന്നിലുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പഴയ തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ സന്ദേശം പങ്ക് വച്ചിരിക്കുകയാണ് വി.ടി ബൽറാം.
‘ഇങ്ങനെയാണ് അദ്ദേഹം കടന്ന് വന്നത്. ഈ വാക്കുകൾക്കാണ് അന്ന് ഇന്നാട്ടിലെ ജനങ്ങൾ പിന്തുണ നൽകിയത്. അദ്ദേഹം വന്നു എല്ലാം ശരിയായി’ – ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 2016 തെരഞ്ഞെടുപ്പ് ഓഡിയോ സന്ദേശമാണ് ബൽറാം പങ്കുവെച്ചത്. ഓഡിയോയിൽ മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ:
“നമസ്കാരം ഞാൻ പിണറായി വിജയൻ, വികസനത്തിന്റെ പേരിൽ എന്തൊക്കെയാണ് ചിലർ കാട്ടിക്കൂട്ടുന്നത്, വെറുതേ കല്ലിടുന്നതാണോ വികസനം? പ്രകൃതിയെ തകർത്താണോ പുരോഗതി വരേണ്ടത്. മനുഷ്യത്വമില്ലെങ്കിൽ എന്ത് വികസനം? ഉത്തരവാദിത്വവും മനുഷ്യത്വവുമുളള വികസനത്തിന് എൽഡിഎഫിനൊപ്പം അണി നിരക്കൂ. എൽഡി എഫ് വരും എല്ലാം ശരിയാകും.”
അതേസമയം സംസ്ഥാന വ്യാപകമായി സിൽവർലൈൻ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക കെ റെയിൽ കുറ്റികൾ സ്ഥാപിച്ചു. വേണ്ടിവന്നാൽ ക്ലിഫ് ഹൗസിൽ കുറ്റി നടുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കോഴിക്കോട് കല്ലായിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞ് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ. റോഡിൽ മാർക്ക് ചെയ്യാനായി ഉദ്യോഗസ്ഥർ കൊണ്ടുവന്ന പെയിന്റ് പ്രവർത്തകർ തട്ടിമറിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായി.
Story Highlights: vt balram shares old audio of pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here