ദിലീപുമായി സാമ്പത്തിക ഇടപാട്; തിരുവനന്തപുരത്തെ രണ്ട് സിനിമ-സീരിയൽ താരങ്ങളെ ചോദ്യം ചെയ്തു

നടിയെ അക്രമിച്ച കേസിൽ സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനികളാണ് ഇവർ. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സി ഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്. ( dileep case 2 thiruvananthapuram based actress questioned )
അതേസമയം, നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെ ഉടൻ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട് ദിലീപിന് രണ്ട് ദിവസത്തിനകം നോട്ടിസ് നൽകും.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അന്വേഷണത്തിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
Read Also : നടിയെ ആക്രമിച്ച കേസ് : ദിലീപിനെ ഉടൻ ചോദ്യം ചെയ്യും
തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഫെബ്രുവരി 17ന് രാത്രിയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം കാർ തടഞ്ഞുനിർത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഫെബ്രുവരി 18 ന് നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.
ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്ഠൻ പിടിയിലായി. ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3 കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.
ജൂൺ 26 ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തൽ ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. വൻ വിവാദങ്ങൾക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്. തുടർന്ന് ജൂൺ 28 ന് ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്.
ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സഹപ്രവർത്തകൻ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് നടി ആക്രമിക്കപ്പെട്ടതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
Story Highlights: dileep case 2 thiruvananthapuram based actress questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here