വായ്പ തേടിയുള്ള പരക്കംപാച്ചില്‍; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക

25,330 ചതുരശ്ര മൈല്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു കുഞ്ഞന്‍ രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയുടെ കണ്ണീരെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുത്തെന്നും ഏറെ വിശേഷിപ്പിക്കപ്പെട്ട രാജ്യം. ഏഷ്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും ഒത്തിണങ്ങിയ ഇടം. ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലായിരുന്ന നാടിന്ന് വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്.
2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. തൊടുന്നതിനെല്ലാം തീപിടിച്ച വില. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്.
2013 ന് ശേഷം ഇതാദ്യമായാണ് ലങ്കയില്‍ ഭക്ഷ്യോത്പനങ്ങളുടെ വിലയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നത്. മരുന്നുകള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമം നേരിടുന്നു.. രാജ്യത്ത് അഞ്ച് മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഇന്ധനക്ഷാമത്തിന് വഴിതെളിച്ചു. എല്ലാ ഉത്പനങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. കരുതല്‍ വിദേശ നാണ്യം ഇടിഞ്ഞതോടെ ഇറക്കുമതിയും നിലച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നത് ലങ്കന്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തുടങ്ങിവച്ച മെഗാപ്രൊജക്ടുകളിലായിരുന്നു പ്രതീക്ഷകള്‍ അത്രയും. എന്നാല്‍ പ്രൊജക്ടുകള്‍ പലതും നഷ്ടത്തിലായതോടെ എല്ലാം താളംതെറ്റി.
Read Also : കടലാസും മഷിയും കിട്ടാനില്ല; പരീക്ഷകളെല്ലാം റദ്ദാക്കി ശ്രീലങ്ക
വാങ്ങിക്കൂട്ടിയ പണത്തിന്റെ പലിശ അടയ്ക്കാന്‍ പിന്നെയും പിന്നെയും കടംവാങ്ങി. കോടിക്കണക്കിന് ഡോളര്‍ രൂപയുടെ കടം പെരുകി. കയറ്റുമതി, ഇറക്കുമതി അസന്തുലിതാവസ്ഥയാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. കരുതല്‍ വിദേശനാണ്യ ശേഖരം 1.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. അവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ ലങ്കയുടെ കൈവശം പണമില്ലാതായി.
Read Also : ഇന്ധന വില കുതിച്ചുയരുന്നു; ശ്രീലങ്കയില്‍ ഒറ്റദിവസം പെട്രോളിന് 77, ഡീസലിന് 55 രൂപ വര്‍ധന
പെട്രോളിനും മണ്ണെണ്ണയ്ക്കും വേണ്ടി പൊരിവെയിലില്‍ നാല് മണിക്കൂര്‍ വരിനിന്ന രണ്ട് വയോധികര്‍ കുഴഞ്ഞുവീണ് മരിച്ചത് പ്രതിസന്ധിക്കിടെയുണ്ടായ കണ്ണീര്‍ക്കാഴ്ചയായി മാറി. ശ്രീലങ്കയ്ക്ക് 9.6 ബില്യണ്‍ ഡോളര്‍ വായ്പ ഈ വര്‍ഷം മാത്രം തിരിച്ചടയ്ക്കണം. ഖജനാവിലുള്ളത് 2.3 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ ശേഖരം മാത്രമാണ്. പന്ത്രണ്ട് മാസത്തിനിടെ ചൈനയ്ക്ക് മാത്രം നല്‍കാനുള്ളത് മൂന്ന് ബില്യണ്‍ ഡോളറാണ്. പണം തിരിച്ചുനല്‍കാന്‍ ശ്രീലങ്ക ചൈനയോട് സമയം നീട്ടിച്ചോദിച്ചെങ്കിലും കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല.
അതേസമയം ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്കായി 100 കോടി ഡോളറിന്റെ അടിയന്തര സഹായം ഇന്ത്യ ഉടന്‍ ലങ്കയ്ക്ക് നല്‍കും. 2020 ഡിസംബറിലെ രജപക്‌സെയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം 1.4 ബില്യണ്‍ ഡോളര്‍ സഹായമാണ് ഇന്ത്യ ഇതുവരെ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. 500 മില്യണ്‍ ഡോളര്‍ കടം 400 മില്യണ്‍ ഡോളര്‍ കറന്‍സി സ്വാപും ഇതില്‍ ഉള്‍പ്പെടുന്നു.
Story Highlights: Sri Lanka in distress over financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here