ഏകാന്തതയും,സാമ്പത്തിക പ്രതിസന്ധിയും ; വാർദ്ധക്യത്തിൽ ജയിലുകൾ തിരഞ്ഞെടുത്ത് ജപ്പാനിലെ മുതിർന്ന വനിതകൾ

‘എനിക്ക് സാമ്പത്തിക സ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ജയിൽ തിരഞ്ഞെടുക്കില്ലായിരുന്നു , തനിച്ച് ജീവിക്കാൻ ഇന്ന് എനിക്ക് ബുദ്ധിമുട്ടാണ് ‘- മനപ്പൂർവം കുറ്റങ്ങൾ സൃഷ്ട്ടിച്ച് നിരവധി തവണ ജയിലിലേക്ക് പോയ 81കാരിയായ അക്കിയോ എന്ന സ്ത്രീയുടെ വാക്കുകളാണിത്. കൃത്യമായ ഭക്ഷണം,ഒറ്റപ്പെടലിൽ നിന്നുള്ള മോചനം ,സുരക്ഷ എന്നിവ മുന്നിൽ കണ്ട് മാത്രമാണ് അവർ കുറ്റങ്ങൾ ചെയ്തുകൊണ്ടിരുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
തുച്ഛമായ പെൻഷൻ , മകൻ ഉപേക്ഷിച്ചതിന്റെ നിരാശ ,ഒറ്റപ്പെട്ട ജീവിതം ഇവയെല്ലാം കൂടി ആയപ്പോഴാണ് അക്കിയോ തന്റെ 60 ാം വയസ്സിൽ ആദ്യ മോഷണം നടത്തി ജയിലിൽ പോയത്. 2024 ൽ ജയിൽ മോചിതയായപ്പോൾ തന്റെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും, ജയിലിൽ കഴിഞ്ഞ അവരെ മകൻ ഇനി ഒരിക്കലും അംഗീകരിക്കില്ല എന്നും, ഈ അവസ്ഥ ഉണ്ടായതിൽ ലജ്ജതോന്നുന്നുണ്ടെന്നും അക്കിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇത് അക്കിയോയുടെ മാത്രം കഥയല്ല ജപ്പാനിൽ വാർദ്ധക്യത്തിലൂടെ കടന്നുപോകുന്ന എല്ലാ മുതിർന്നവരുടെയും അവസ്ഥയാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ജയിലിൽ കഴിയുന്ന 80 ശതമാനത്തിലധികം മുതിർന്ന വനിതാ തടവുകാരും മോഷണകുറ്റം ചുമത്തപ്പെട്ടവരാണെന്നും , കൂടാതെ 20 വർഷത്തിനിടെ 65 വയസ്സിന് മുകളിലുള്ള സ്ത്രീ തടവുകാരുടെ എണ്ണം ഏകദേശം നാലിരട്ടി വർധിച്ചതായും ജാപ്പനീസ് ഗവൺമെൻ്റിൻ്റെ 2022-ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രായമായവർ പലരും ജയിലിന് പുറത്ത് മരിക്കുന്നതിലും നല്ലത് അകത്ത് മരിക്കുന്നതാണ് എന്ന് ചിന്തിക്കുന്നു.ചിലർ ജയിലിൽ കഴിയാൻ വേണ്ടി 20,000 മുതൽ 30,000 രൂപ വരെ നൽകാൻ തയ്യാറാകുന്നതായും ജപ്പാനിലെ ടോച്ചിഗി വനിതാ ജയിൽ ഓഫീസർ തകയോഷി ഷിരനാഗ വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ ഇതിനോടകം അക്കിയോയുടെ വാർത്ത ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
Story Highlights : Elderly women in Japan choose prison life in old age
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here