ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിയിൽ പ്രതിഷേധം

പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ പ്രതിഷേധം. പാലക്കാട് ഗവ.മോയൻ എൽ.പി.സ്കൂളിൽ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് അഭിഭാഷകരുടെ ആരോപണം.
Read Also : പ്രതിഷേധവും സാങ്കേതിക തകരാറും; തവനൂരിൽ സർവേ നിർത്തി ഉദ്യോഗസ്ഥർ
കഴിഞ്ഞ ശനിയാഴ്ച്ച പാലക്കാട് മോയൻ സ്കൂളിൽ നടന്ന സാംസ്കാരിക പരിപാടിയിലാണ് ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം അരങ്ങേറിയത്. പരിപാടിക്കിടെ പൊലീസെത്തി ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് തടയുകയുമായിരുന്നു. ജില്ലാ ജഡ്ജി കലാം പാഷയുടെ വീട് ഇതിനടുത്താണ്. റിട്ട. ജഡ്ജി കമാൽ പാഷയുടെ സഹോദരനാണിദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പടെയുള്ള സംഘടനകൾ ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായെത്തിയിരുന്നു.
കലാം പാഷയാണ് ഇതിന് പിന്നിലെന്നാണ് നീനയുടെ ആരോപണം. ” രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം നിരന്തരമായി നിറുത്തിവയ്ക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കി. ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് തോന്നുന്നത് കൊണ്ടാണ് ഈ പോസ്റ്റ് ”. – നീന ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
Story Highlights: Dr. Nina Prasad’s dance; Protest in Palakkad court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here