‘സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന്‍’; സ്വപ്‌നം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് കെ സുധാകരന്‍

സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സില്‍വര്‍ലൈനെതിരെ കെ സുധാകരന്‍ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു. (government get commission silver line says k sudhakaran)
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പ സമയത്തിന് മുന്‍പ് പറഞ്ഞിരുന്നു. ഇതിനും കെപിസിസി പ്രസിഡന്റ് മറുപടി പറഞ്ഞു. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫെന്ന് കൊച്ചുറാണി ജോസഫ്
നേരത്തേ ബഫര്‍ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതില്‍ തിരുത്തുമായി രംഗത്തെത്തിയിരുന്നത്. സില്‍വര്‍ലൈനുവേണ്ടി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ബി.ജെ.പി കോണ്‍ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം തവനൂരിലും എറണാകുളം ചോറ്റാനിക്കരയിലും സില്‍വര്‍ ലൈനിന് എതിരെ പ്രതിഷേധം തുടരുകയാണ്. തവനൂര്‍ കാര്‍ഷിക എന്‍ജിനിയറിംഗ് കോളജിലാണ് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും.
Story Highlights: government get commission silver line says k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here