തമിഴ്നാടിന് ജലവും, കേരളത്തിന് സുരക്ഷയും; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് മാത്രമാണ് കേരളത്തിന്റെ സുരക്ഷയ്ക്കുള്ള ഒരേയൊരു പരിഹാരമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളിൽ ഇന്ന് അന്തിമ വാദം ആരംഭിച്ചപ്പോഴാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. ജലം തുറന്നുവിടുന്ന കാര്യത്തിൽ സംയുക്ത സമിതി രൂപീകരണം സാധ്യമല്ലേയെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. മേൽനോട്ട സമിതി തീരുമാനങ്ങളിൽ കേരളവും തമിഴ്നാടും തമ്മിലുള്ള സമവായം പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തിയ 2014ലെ വിധി പുനഃപരിശോധിക്കേണ്ട സാചര്യമെന്തെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. 2017 മുതലുള്ള കാലാവസ്ഥാമാറ്റം കണക്കിലെടുക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. മഴ പെയ്യുന്നതിന്റെ പാറ്റേൺ പുതിയ സാഹചര്യമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ മഹാദുരന്തമുണ്ടാകും.
Read Also : മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ഹർജികളിൽ ഇന്ന് മുതൽ അന്തിമ വാദം
തമിഴ്നാടിന് ജലവും, കേരളത്തിന് സുരക്ഷയും എന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിച്ചു. പുതിയ ഡാം എന്ന ആവശ്യത്തെ തമിഴ്നാട് എതിർക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കാണ് തമിഴ്നാട് ഊന്നൽ നൽകുന്നതെന്നും, അതുവഴി ജലനിരപ്പ് ഉയർത്താനാണ് ശ്രമമെന്നും കേരളം അറിയിച്ചു. കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണം. മുൻകൂട്ടി അറിയിക്കാതെ ഷട്ടറുകൾ തുറക്കുന്നതും കേരളം ശ്രദ്ധയിൽപ്പെടുത്തി.
ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ വിഷയത്തിൽ സംയുക്ത സമിതി സാധ്യമല്ലേയെന്ന് സുപ്രീംകോടതി ആരാഞ്ഞപ്പോൾ, ആ നിർദേശം മുൻപ് തന്നെ വച്ചിരുന്നതാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത അറിയിച്ചു. നാളെയും കേരളത്തിന്റെ വാദം തുടരും.
Story Highlights: Water for Tamil Nadu and security for Kerala; State Government in the Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here