കോട്ടയത്തും തിരുവനന്തപുരത്തും സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം

കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ കല്ലിടൽ ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കുഴിയാലിപ്പടിയിലാണ് സമരക്കാർ പ്രതിഷേധവുമായെത്തിയത്. സർവേ കല്ലുകളുമായെത്തിയ വാഹനം സമരക്കാർ തടഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയിലും ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുകയാണ്.
പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നട്ടാശേരിയിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കുഴിയാലിപ്പടിയിൽ കണ്ണീർ വാതകം ഉൾപ്പടെയുള്ളവ എത്തിച്ചിട്ടുണ്ട്. ചോറ്റാനിക്കരയിൽ സമരസമിതിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ സമരപ്പന്തലുകൾ തയ്യാറാക്കിയിട്ടുണ്ട്.
കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത നൂറു പേർക്കെതിരെയും കളക്ടറേറ്റിൽ നടന്ന സമരത്തിൽ പങ്കെടുത്ത 75 പേർക്കെതിരെയും പൊലീസ് കേസെടുത്തു. ദൃശ്യങ്ങളിൽ നിന്ന് 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Also : കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത 175 പേർക്കെതിരെ കേസ്
സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്ഥിതി പ്രവർത്തക മേധ പട്കർ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെ കാണുന്നത്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും. വായ്പയുടെ ബാധ്യത അടക്കമുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ ഇതുവരെ റെയില്‍വേ അംഗീകരിച്ചിട്ടില്ല. വായ്പാ ബാധ്യത സംസ്ഥാനത്തിന് മാത്രമായിരിക്കും എന്നതാണ് റെയില്‍വേയുടെ നിലപാട്.
Story Highlights: Protest against Silver Line in Kottayam and Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here