റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു മാസം; കൊല്ലപ്പെട്ടത് നിരവധി പേർ

യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. മരിയുപോളിലും കീവിലും ഉൾപ്പടെ നിരവധി പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്.
മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേർ മരിയുപോളിൽ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. യുക്രൈനിൽ നിന്ന് ഇതുവരെ ഒരു കോടിയോളം ജനങ്ങൾ പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.
Read Also : യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി; ആരോപണവുമായി യുഎസ് എംബസി
ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി കഴിഞ്ഞ ദിവസം റഷ്യൻ സൈന്യം തകർത്തു. യുക്രൈൻ സ്‌റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകർന്നത് വൻ ആശങ്കയാണ് ഉയത്തുന്നത്. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിർമ്മിച്ച പുതിയ ലാബാണിത്.
റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകൾ റഷ്യ തട്ടിയെടുത്തെന്നും സ്‌റ്റേറ്റ് ഏജൻസി വ്യക്തമാക്കി.അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷൻ അളക്കുന്ന സംവിധാനങ്ങൾ പൂർണമായും നിലച്ചതായി യുക്രൈന്റെ ന്യൂക്ലിയർ റെഗുലേറ്ററി ഏജൻസി അറിയിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലൻസ്‌കി ഫ്രാൻസിസ് മാർപാപ്പയുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Russia’s occupation of Ukraine; one month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here