യു.ഡി.എഫ് എം.പിമാരോട് ചേംബറിൽ വന്നുകാണാൻ സ്പീക്കർ

പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ചേംബറിൽ വന്നുകണ്ട് വിശദാംശങ്ങൾ എഴുതി നൽകാൻ എം.പിമാരോട് സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടു. ഡെൽഹി പൊലീസിനെതിരെ ലോക്സഭാ സ്പീക്കർക്ക് എം.പിമാർ പരാതി നൽകിയിരുന്നു. തുടർന്നാണ് ചേംബറിൽ വന്നുകണ്ട് കാര്യങ്ങൾ വിശദമാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഡെല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.
വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചാണ് ഡെൽഹി പൊലീസ് തടഞ്ഞത്. സംഘർഷത്തിനിടെ പൊലീസ് ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിക്കുകയും ടി.എന്‍.പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
Read Also : കോട്ടയത്തും തിരുവനന്തപുരത്തും സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പുറമേ നിന്ന് ആരേയും ഉള്‍പ്പെടുത്താതെ വിജയ്ചൗക്കില്‍ നിന്ന് എംപിമാര്‍ തന്നെ പ്രതിഷേധവുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനുശേഷം പാര്‍ലമെന്റിലേക്ക് പോകുകയെന്നതാണ് എംപിമാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഡല്‍ഹി പൊലീസ് വഴിയില്‍ തടയുകയായിരുന്നു.
സംഘർഷത്തിനിടെ ഡീന്‍ കുര്യാക്കോസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമമുണ്ടായി. കെ. മുരളീധരനെതിരേയും ബെന്നി ബെഹ്നാന്‍ എംപിക്കെതിരേയും കൈയേറ്റമുണ്ടായി. വനിത പൊലീസുകാരെ പോലും ഉപയോഗപ്പെടുത്താതെ പുരുഷ പൊലീസ് രമ്യ ഹരിദാസിനേയും തടഞ്ഞു. തുടര്‍ന്ന് അതിക്രമം തടയാന്‍ ഹൈബി ഈഡന്‍ രമ്യയ്ക്ക് സംരക്ഷണമൊരുക്കി. തുടര്‍ന്നാണ് പ്രതിഷേധവുമായി പാര്‍ലമെന്റിലെത്തിയ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
Story Highlights: Speaker to meet UDF MPs in the chamber
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here