കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത കെ സി തങ്കച്ചനോട് വിശദീകരണം തേടി സിപിഐ

സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സി പി ഐ ലോക്കൽ സെക്രട്ടറി കെ സി തങ്കച്ചനോട് പാർട്ടി വിശദീകരണം തേടി. സിപിഐ പിറവം മണ്ഡലം കമ്മറ്റി ആണ് വിശദീകരണം ചോദിച്ചത്. മൂന്ന് ദിവസത്തിനക൦ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു പറഞ്ഞു. മുന്നണി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ സി തങ്കച്ചന്റെത് അച്ചടക്ക ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങൾ സിൽവർ ലൈൻ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകും. കെ സി തങ്കച്ചനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ നടത്തില്ലെന്ന് കല്ലിടൽ ഏറ്റെടുത്ത ഏജൻസി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമായതിനാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന് ഏജൻസി കെ റെയിലിനെ അറിയിച്ചു.
സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി. സർവേ നടത്തുന്നതിനായി കേരള വോളിണ്ടറി ഹെൽത്ത് സർവീസിനെ അഞ്ച് ജില്ലകളിലായാണ് നിയോഗിച്ചത്. വിജ്ഞാപനത്തിലെ സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം.
Read Also : ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം; ഇ ശ്രീധരൻ
കൂടാതെ സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: CPI seeks explanation from KC Thankachan, part in anti-K rail agitation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here