വനിതാജീവനക്കാരെവരെ സമരക്കാർ കൈയേറ്റം ചെയ്യുന്നു; സിൽവർ ലൈൻ സർവേ നിർത്തി

സിൽവൻ ലൈനെതിരായ പ്രതിഷേധത്തെ തുടർന്ന് എറണാകുളം ജില്ലയിലേ സർവേ നടപടികൾ ഏജൻസി നിർത്തിവെച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധമുണ്ടാക്കുന്നവർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയാണ്. സമരക്കാരിൽ ചിലർ വനിതാ ജീവനക്കാരെ വരെ കൈയേറ്റം ചെയ്യുകയാണ്. ഇത്തരം മോശം സാഹചര്യത്തിൽ സർവേ തുടരാനാകില്ലെന്ന് ഏജൻസി കെ റെയിൽ അധികൃതരെ അറിയിച്ചു.
സിൽവർ ലൈനിൽ ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കൽ മതിയായ വില നിശ്ചയിച്ച് പണം നൽകിയ ശേഷം മാത്രമാവും. ഭൂമി നഷ്ടമായവരുടെ അഭിപ്രായം കേൾക്കും. മാധ്യമങ്ങൾ അരാജക സമരത്തിന് ഉശിര് പകരുകയാണ്. കേരള വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്നും കോടിയേരി വ്യക്തമാക്കി.
Read Also : സിൽവർ ലൈൻ; കല്ലായിയിലും നട്ടാശേരിയിലും ഇന്ന് സർവേ, തടയുമെന്ന് സമരക്കാർ
അതേസമയം കെ റെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയോട് അനുഭാവ പൂർണമായി പ്രധാനമന്ത്രി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത 50 വർഷത്തേക്കുള്ള സംവിധാനമാണ് കെ റെയിൽ പദ്ധതിയെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെറെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും പദ്ധതിയെ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവതരിപ്പിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചു വരുത്തി പ്രധാനമന്ത്രി വിഷയം ചർച്ച ചെയ്തു.
Story Highlights: Silver Line survey stopped in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here