അധികനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ; എല്ലാം അറിഞ്ഞിട്ടും പ്രണയിനിയെ വിവാഹം ചെയ്തു; ദിവസങ്ങൾക്കിപ്പുറം മരണം

അധികനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും തന്റെ പ്രണയിനിയെ വിധിക്ക് വിട്ടുകൊടുക്കാൻ മഹ്മൂദ് തയാറായില്ല. അവളെ ജീവിതത്തോട് ചേർത്തുനിർത്തി, വിവാഹം ചെയ്തു. എന്നാൽ 11 ദിവസങ്ങൾ മാത്രം നീണ്ട വിവാഹ ജീവിതം.
മാർച്ച് ഒമ്പതിനായിരുന്നു ബംഗ്ലാദേശുകാരനായ മഹ്മൂദും ഫഹ്മിദയും വിവാഹിതരായത്. കോക്‌സ് ബസാർ ജില്ലയിലെ ചകരിയയിലെ അസീസുൽ ഹഖിന്റെ മകനാണ് മഹ്മൂദ്. നോർത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട് മഹ്മൂദ്. കമാലുദ്ദീന്റെയും ഷിയുലിയുടെയും മകളാണ് ഫഹ്മിദ. ചാട്ടോഗ്രാമിലെ ഇൻഡിപെൻഡന്റ് യൂണിയവേഴ്‌സിറ്റിയിൽ നിന്ന് ബിബിഎയും എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലെ പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായി.
2021ൽ ധാക്ക എവർകെയർ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിലാണ് ഫഹ്മിദയ്ക്ക് ക്യാൻസറാണെന്ന് കണ്ടെുത്തന്നത്. പിന്നീട് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോയെങ്കിലും വൈകിപ്പോയെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ചാറ്റോഗ്രാം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.
രോഗം മൂർച്ഛിച്ച അവസ്ഥയിലും പ്രണയിനിയെ കൈവിടാൻ മഹ്മൂദ് തയാറായില്ല. അവളെ ചാറ്റോഗ്രാം മെഡിക്കൽ സെന്ററിൽ വെച്ച് വിവാഹം കഴിച്ചു. വധുവിന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ദൗർഭാഗ്യം അവരെ പിന്തുടർന്നു.
വിവാഹം കഴിഞ്ഞ് 11 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫഹ്മിദ മരണത്തിന് കീഴടങ്ങി. തുറമുഖ നഗരമായ ബകാലിയ ഏരിയയിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു 25കാരിയായ ഫഹ്മിദയുടെ മരണം. ഫഹ്മിദ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പരമ്പരാഗത വിവാഹ വേഷത്തിലിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here