പണത്തിന് പകരം ബിറ്റ്കോയിന്‍: ഉപരോധം മറികടക്കാന്‍ നിര്‍ണായക നീക്കവുമായി റഷ്യ

പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ കൊണ്ട് മുറുക്കിയ കുരുക്കഴിക്കാന്‍ പുതുവഴി തേടി റഷ്യ. യുക്രൈന്‍ അധിനിവേശം തുടരുകയും തങ്ങളെ ചങ്ങലപ്പൂട്ടിട്ട് പൂട്ടാന്‍ നോക്കുന്ന ലോകരാജ്യങ്ങളോട് അതേ നിലയില്‍ പൊരുതുകയുമാണ് റഷ്യ ചെയ്യുന്നത്. ( Bitcoin instead of money )
റഷ്യന്‍ ഗ്യാസ് സൊസൈറ്റി പ്രസിഡന്റ് പവേല്‍ സവല്‍നിയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ചൈനയും തുര്‍ക്കിയും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ താത്പര്യം കാട്ടിയിട്ടുണ്ട്.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
റഷ്യന്‍ കറന്‍സിയായ റൂബിളോ അല്ലെങ്കില്‍ ബിറ്റ്‌കോയിനോ ക്രൂഡ് ഓയിലിന് പകരം സ്വീകരിക്കാനാണ് ശ്രമം. റൂബിളിന്റെ മൂല്യം ഉയര്‍ത്തുകയാണ് റഷ്യയുടെ ശ്രമം. ഇതിലൂടെ ഉപരോധത്തെ നേരിയ തോതിലെങ്കിലും മറികടക്കുകയാണ് ലക്ഷ്യം.
ദീര്‍ഘകാലമായി ചൈനയ്ക്ക് മുന്നില്‍ റഷ്യ വെച്ചിരിക്കുന്ന ആവശ്യമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് റൂബിളിലോ യുവാന്‍ ഉപയോഗിച്ചോ പണം നല്‍കുകയെന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. നിര്‍ണായക സന്ദര്‍ഭത്തില്‍ ഈ ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഈ വാര്‍ത്ത പ്രചരിച്ചതോടെ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നു.
അതേസമയം, യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതുമുതല്‍ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍. ഇരുനൂറോളം കുഞ്ഞുങ്ങളാണ് ആക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കഴിഞ്ഞയാഴ്ച 9ഉം 11ഉം 13ഉം വയസുള്ള കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ആകെ കുട്ടികളുടെ എണ്ണത്തില്‍ 64 കുട്ടികളും കീവില്‍ നിന്നുള്ളവരാണെന്ന് യുക്രൈന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 73 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും 570 സ്ഥാപനങ്ങള്‍ ഭാഗികമായും തകര്‍പ്പെട്ടു. അതേസമയം കണക്കുകളില്‍ വ്യാത്യാസം വന്നേക്കാമെന്നും ആക്രമണമുണ്ടായ പല മേഖലകളിലും ഇപ്പോഴും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതിനിടെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തതിന് വിമര്‍ശനം നേരിടുന്നതിനിടെ ചൈനീസ് വിദേശകാര്യ വക്താവ് ഇന്ന് മോസ്‌കോയിലെത്തും. റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവ് ഉള്‍പ്പെടെയുള്ളവരെ ചൈനീസ് വിദേശകാര്യവക്താവ് കാണും.
കീവില്‍ നീട്ടിവച്ച കര്‍ഫ്യൂ പിന്‍വലിക്കുന്നതായി കീവ് മേയര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
Story Highlights: Bitcoin instead of money: Russia with decisive move to overcome sanctions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here