ടീമിൽ തുടരാൻ താത്പര്യമുണ്ടോ എന്ന് പോലും ആർസിബി ചോദിച്ചില്ല: യുസ്‌വേന്ദ്ര ചഹാൽ

ടീമിൽ തുടരാൻ താത്പര്യമുണ്ടോ എന്ന് പോലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തന്നോട് ചോദിച്ചില്ലെന്ന് മുൻ ആർസിബി താരം യുസ്‌വേന്ദ്ര ചഹാൽ. കൂടുതൽ പണത്തിനായി താൻ ടീം വിടുകയായിരുന്നു എന്നാണ് ആളുകൾ കരുതുന്നതെന്നും അത് സത്യമല്ലെന്നും ചഹാൽ പറഞ്ഞു. ആർസിബി നിലനിർത്താതിരുന്ന ചഹാലിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചിരുന്നു.
“എനിക്ക് ആർസിബിയുമായി വൈകാരിക അടുപ്പമുണ്ട്. മറ്റൊരു ടീമിനു വേണ്ടി കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. സമൂഹമാധ്യമങ്ങളിൽ ആളുകൾ ചോദിക്കുന്നത് കൂടുതൽ പണം ആവശ്യപ്പെട്ടത് എന്തിനെന്നായിരുന്നു. പക്ഷേ സത്യം എന്തെന്നാൽ, ആർസിബി ഡയറക്ടർ മൈക്ക് ഹെസൻ എന്നെ വിളിച്ചുപറഞ്ഞു, ‘വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, മുഹമ്മദ് സിറാജ് എന്നിവരെയാണ് നിലനിർത്തുന്നത്’ എന്ന്. ടീമിൽ തുടരാൻ എനിക്ക് താത്പര്യമുണ്ടോ എന്ന് അവരെന്നോട് ചോദിച്ചതുപോലുമില്ല. മൂന്ന് പേരെ നിലനിർത്തുമെന്ന് പറഞ്ഞ അവർ ലേലത്തിൽ എന്നെ സ്വന്തമാക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. ഞാൻ കൂടുതൽ പണം ചോദിച്ചില്ല. ഞാൻ എപ്പോഴും ബാംഗ്ലൂർ ആരാധകരോട് കടപ്പാടുള്ളവനായിരിക്കും.”- ചഹാൽ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
ലേലത്തിൽ ആറര കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ റോയൽസ് യുസ്‌വേന്ദ്ര ചഹാലിനെ ടീമിലെത്തിച്ചത്. ലേലത്തിൽ ബാംഗ്ലൂർ ചഹാലിനായി ഒരു തവണ പോലും ലേലം വിളിച്ചിരുന്നില്ല. ചഹാലിനൊപ്പം മുതിർന്ന സ്പിന്നർ അശ്വിനെയും രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു.
Story Highlights: yuzvendra chahal royal challengrs bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here