ഷാർജയിൽ ഇഫ്താർ ടെന്‍റുകൾ തുടങ്ങാൻ അനുമതി

ഷാർജയിൽ കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന ഇഫ്താർ ടെന്‍റുകൾ കർശന നിയന്ത്രണങ്ങളോടെ ഇത്തവണ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് എമിറേറ്റിൽ ഇഫ്താർ ടെന്‍റുകൾ നിർത്തിവച്ചിരുന്നത്. വിവിധ ഭാഗങ്ങളിലായി തുറക്കുന്ന ടെന്‍റുകൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിർദേശം. എയർ കണ്ടീഷൻഡ് ചെയ്തതോ എല്ലാ വശങ്ങളിൽനിന്നും തുറന്നിരിക്കുന്നതോ ആയ രൂപത്തിലായിരിക്കണം ഇഫ്താർ ടെന്‍റുകൾ നിർമ്മിക്കേണ്ടതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇഫ്താർ പലഹാരങ്ങൾ ഭക്ഷണശാലകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള മാർഗനിദേശങ്ങളും ഇതോടൊപ്പം പുറത്തിറക്കി. അസർ നമസ്കാരത്തിന് ശേഷം ഭക്ഷണശാലകളിൽ ഇഫ്താർ പലഹാരങ്ങളും ഭക്ഷണങ്ങളും പ്രദർശിപ്പിക്കാം. ബേക്കറികളും കഫ്ത്തീരിയകളും മറ്റും നിർബന്ധമായും ഷാർജ മുനിസിപ്പാലിറ്റിയിൽ നിന്നും പെർമിഷൻ വാങ്ങിയിരിക്കണം. മണൽ പ്രദേശമല്ലാത്ത സ്ഥലങ്ങളിൽ നടപ്പാതക്കരികിൽ ഭക്ഷണം പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Read Also : അബുദാബിയിൽ കാലിക്കുപ്പി നല്‍കിയാല്‍ സൗജന്യ യാത്ര
പള്ളികളിൽ തറാവീഹ് നമസ്കാരത്തിനായെത്തുന്നവർക്ക് സൗജന്യ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും. സാധാരണഗതിയിൽ പ്രാർഥനാ സമയത്ത് പള്ളികൾക്ക് അടുത്തുള്ള പാർക്കിങ് സ്ഥലങ്ങളിൽ മാത്രമാണ് ഫ്രീപാർക്കിങ്ങുള്ളത്. മറ്റിടങ്ങളിൽ രാവിലെ 8 മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് ഈടാക്കുന്നതാണ്.
ഇരട്ട പാർക്കിങ്, മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കൽ തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കും. പകൽ സമയത്ത് റമദാനിൽ ഭക്ഷണം നൽകുന്നതിനായി ഭക്ഷണശാലകൾക്ക് പെർമിഷൻ നൽകിയിട്ടുണ്ട്. ഷോപ്പിങ് മാളുകളിൽ ഉൾപ്പെടെ അനുമതിയുള്ള ഭക്ഷണശാലകളിൽ ഭക്ഷണം നൽകാം.
Story Highlights: Permission to start Iftar tents in Sharjah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here