അബുദാബിയിൽ കാലിക്കുപ്പി നല്‍കിയാല്‍ സൗജന്യ യാത്ര

കാലിക്കുപ്പി നല്‍കിയാല്‍ സൗജന്യ യാത്ര ഏർപ്പാടാക്കാമെന്ന വേറിട്ട ഓഫറുമായി അബുദാബി അധികൃതര്‍. കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ നൽകുന്നവർക്കാണ് സംയോജിത ഗതാഗത കേന്ദ്രം സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്നത്. ഇങ്ങനെ കൈമാറുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് ഓരോതവണയും നിശ്ചിത പോയിന്‍റ് നല്‍കുകയും ഇത് പിന്നീട് ടിക്കറ്റ് നിരക്കായി പരിഗണിക്കുകയുമാണ് ചെയ്യുന്നത്. സംയോജിത ഗതാഗതകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത്.
Read Also : ബഹ്റൈനിൽ മാസ്ക് നിർബന്ധമല്ല; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ഉപയോഗ ശൂന്യമായ കാലിക്കുപ്പികള്‍ നിക്ഷേപിക്കുന്നതിനായി അബുദാബി പ്രധാന ബസ് സ്‌റ്റേഷനില്‍ മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. 1 പോയന്‍റാണ് 600 മില്ലിയോ അതില്‍ കുറവോ അളവുള്ള ഓരോ കുപ്പിക്കും നല്‍കുന്നത്. 600 മില്ലിക്ക് മുകളില്‍ അളവുള്ള കുപ്പികള്‍ക്ക് രണ്ട് പോയിന്‍റ് വീതമാണ് ലഭിക്കുന്നത്. ഓരോ പോയന്‍റിനും 10 ഫില്‍സ് ആണ് ലഭിക്കുക. 10 പോയന്‍റ് ലഭിച്ചാല്‍ ഒരു ദിര്‍ഹം കിട്ടും.
അബുദാബി മാലിന്യ നിര്‍മാര്‍ജന കേന്ദ്രം, അബുദാബിഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. കുപ്പികള്‍ക്ക് നല്‍കുന്ന പോയിന്‍റുകള്‍ പിന്നീട് സംയോജിത ഗതാഗതകേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് പേയ്മെന്‍റ് സംവിധാനമായ ഹാഫിലത് ബസ് കാര്‍ഡിലേക്ക് പണമായി മാറ്റിനല്‍കുകയാണ് ചെയ്യുന്നത്. എമിറേറ്റിനെ പരിസ്ഥിതിസൗഹൃദമാക്കാന്‍ വേറിട്ട വഴികള്‍ സ്വീകരിക്കുക എന്ന ആശയത്തെ തുടർന്നാണ് കാലിക്കുപ്പി നല്‍കിയാല്‍ സൗജന്യ യാത്രയെന്ന ആകർഷകമായ പദ്ധതി നടപ്പാക്കുന്നത്.
Story Highlights: Free travel in AbuDhabi on offer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here