വനിതാ ലോകകപ്പ്: ആദ്യ സെമിയിൽ വിൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

വനിതാ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 157 റൺസിനു പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കലാശപ്പോരിനു യോഗ്യത നേടിയത്. മഴ മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തപ്പോൾ മറൂപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 37 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. വിൻഡീസിന് 8 വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ എങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്ന ഷിനേൽ ഹെൻറിയും അനീസ മുഹമ്മദും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഓസ്ട്രേലിയക്കായി 129 റൺസെടുത്ത എലിസ ഹീലിയാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അനായാസമാണ് വിൻഡീസ് ബൗളിംഗിനെ നേരിട്ടത്. തുടക്കത്തിൽ ന്യൂ ബോളിനെ ബഹുമാനിച്ച ഓപ്പണർമാർ പിന്നീട് ആക്രമണ മോഡിലേക്ക് മാറി. ഫിഫ്റ്റിയും കടന്ന് ഇരുവരും കുതിച്ചപ്പോൾ വിൻഡീസിനു മറുപടിയില്ലാതെയായി. ഇതിനിടെ ഹീലി സെഞ്ചുറി തികച്ചു. 216 നീണ്ട ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 33ആം ഓവറിലാണ് വേർപിരിയുന്നത്. വെറും 107 പന്തുകൾ നേരിട്ട് 129 റൺസെടുത്താണ് ഹീലി മടങ്ങിയത്. പിന്നാലെ സഹ ഓപ്പണർ റേച്ചൽ ഹെയിൻസും (85) പുറത്തായി. ആഷ്‌ലി ഗാർഡ്നർ (12) വേഗം മടങ്ങിയെങ്കിലും ബെത്ത് മൂണി (43), മെഗ് ലാനിംഗ് (26) എന്നിവർ ചേർന്ന് ഓസീസ് സ്കോർ 300 കടത്തി.
മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഓസ്ട്രേലിയക്ക് വെല്ലുവിളി ഉയർത്താൻ വെസ്റ്റ് ഇൻഡീസിനു സാധിച്ചില്ല. സ്റ്റെഫനി ടെയ്‌ലർ (48) ടോപ്പ് സ്കോററായപ്പോൾ ഹേലി മാത്യൂസ് (34), ദേന്ദ്ര ഡോട്ടിൻ (34) എന്നിവരും വിൻഡീസിനായി ഭേദപ്പെട്ട പ്രകടനം നടത്തി. ഈ മൂന്ന് പേരൊഴികെ മറ്റാർക്കും ഇരട്ടയക്കം കടക്കാനായില്ല.
Story Highlights: womens world cup australia west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here