രാജിവയ്ക്കില്ല, അവസാന പന്ത് വരെ പോരാടും; ഇമ്രാൻ ഖാൻ

ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ അവസാന പന്ത് വരെ പോരാടുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോൽവി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാൻ പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാകിസ്താനിൽ ദേശീയ അസംബ്ലി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. എല്ലാവർക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിന് മുന്നില്‍ പാക്കിസ്താനികൾ മുട്ടിലിഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഒരു നിര്‍ണായക ഘട്ടത്തിലാണെന്നും രണ്ട് വഴികളാണ് മുന്നിലുള്ളതെന്നും ഇമ്രാന്‍ വ്യക്തമാക്കി.
പല പാക് രാഷ്ട്രീയ നേതാക്കളും പണമുണ്ടാക്കാന്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്. ജനങ്ങളെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലെത്തിയത്. രാജ്യത്തെ അപമാനിക്കാൻ അനുവദിക്കില്ല. ആരുടേയും മുന്നിൽ തലകുനിക്കില്ലെന്നും അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു. താൻ പാകിസ്താനെ പുരോഗതിയിലേക്ക് നയിച്ചു. ഇന്ന് രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലിം സമുദായത്തിന് അടിമകളാകാന്‍ കഴിയില്ല. സര്‍ക്കാറിനെ താഴെയിറക്കാന്‍ വിദേശ ഗൂഢാലോചന നടന്നതായും ഖാന്‍ ആവര്‍ത്തിച്ചു.
“അമേരിക്ക പാകിസ്താനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അവർക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ചത് പാകിസ്താനാണ്. ഏറ്റവും കൂടുതല്‍ ജീവന്‍ വെടിഞ്ഞത് പാകിസ്താനികളാണ്. പ്രശസ്തിയും സമ്പത്തും ഉള്‍പ്പെടെ എല്ലാം തന്ന് അള്ളാഹു അനുഗ്രഹിച്ച ഭാഗ്യവാനാണ് ഞാന്‍. സ്വതന്ത്ര രാജ്യത്ത് ജനിച്ച ആദ്യ തലമുറയില്‍ നിന്നുള്ളയാളാണ് ഞാന്‍. പാകിസ്താന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടിട്ടുണ്ട്” – വികാരഭരിതനായി ഇമ്രാന്‍ പറഞ്ഞു.
Story Highlights: imran says wont resign as pak pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here