29 ബാറിൽ നിന്ന് 800 ബാറുകളാണ് തുറന്നത്; മദ്യനയത്തിനെതിരെ കെസിബിസി

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രംഗത്ത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മദ്യനയമാണിതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ ട്വന്റിഫോറിനോട് പറഞ്ഞു. ( kcbc against govt liquor policy )
ഘട്ടം ഘട്ടമായ മദ്യവർജനമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. 29 ബാറിൽ നിന്ന് എണ്ണൂറിലധികം ബാറുകൾ സംസ്ഥാനത്ത് തുറന്നു. ബാറുകളുടെ ദൂരപരിധി കുറച്ചത് പരിതാപകരമാണെന്നും ആർക്കും എവിടെയും സുലഭമായി മദ്യം കിട്ടുമെന്ന സാഹചര്യമാണെന്നും ഫാ.ജോൺ അരീക്കൽ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം കൂടുതൽ മദ്യപാനികളെ സൃഷ്ടിക്കാനാണ്. മദ്യപിക്കുന്നവരുടെ നേഴ്‌സറി ആരംഭിക്കുകയാണ് സർക്കാർ. ഒരു മദ്യപാനിയെ എങ്കിലും വിമുക്തിയിലൂടെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിൽ കാണിക്കട്ടെയെന്ന് വെല്ലുവിളിക്കുകയാണെന്ന് കെ.സി.ബി.സി പറഞ്ഞു. സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ പ്രതിപക്ഷം ഒരക്ഷരം പറയാൻ തയാറാകുന്നില്ലെന്നും കെസിബിസി പറഞ്ഞു.
യഥേഷ്ടം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് കെസിബിസി തുറന്നടിച്ചു. വിഷയത്തിൽ സർക്കാരിനെ ഇന്നലെ തന്നെ പ്രതിഷേധം അറിയിച്ചുവെന്നും 38 രൂപതകളിലും ശക്തമായ പ്രതിഷേധം ഉയരുമെന്നും കെസിബിസി വ്യക്തമാക്കി. സർക്കാർ മദ്യനയം ഉപേക്ഷിക്കണമെന്നാണ് കെസിബിസിയുടെ ആവശ്യം.
Story Highlights: kcbc against govt liquor policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here