പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയത് തെറ്റ്; ഹൈക്കോടതിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് വിലക്കിയത് നടപടിയില്‍ ഹൈക്കോടതിക്ക് നേരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി നടപടി തെറ്റാണ്. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേയ്ക്കും കോടിയേരി വിമര്‍ശിച്ചു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവനകള്‍.(kodiyeri balakrishnan criticise kerala high court)
‘പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും പരിഗണിക്കണിക്കേണ്ട ഉത്തരവാദിത്തം നീതിപീഠങ്ങള്‍ക്കുണ്ട്. പക്ഷേ സമര വിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും മുന്‍പ് സമരം ചെയ്യുന്ന ട്രേഡ് യൂണിയനുകളുടെയോ ഇതര സംഘടനകളുടെയോ അഭിപ്രായം കേള്‍ക്കാനും കോടതി തയ്യാറായില്ല. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന എത്രയോ വിഷയങ്ങളിലെ ഹര്‍ജികള്‍ മാസങ്ങള്‍ സമയമെടുത്ത് പരിഗണിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. പല സമയത്തും ഹര്‍ജികള്‍ കോടതി അടിയന്തരമായി പരിഗണിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മേല്‍ കോടതി നിയമക്കുരുക്കിന്റെ വലയെറിഞ്ഞു. തൊഴിലാളികളുടെയും ഇതര വിഭാഗങ്ങളുടെയും വര്‍ഗാധിഷ്ഠിത സമരങ്ങള്‍ക്ക് ഇന്ത്യയിലെ കോടതികളുടെ പിന്തുണ പൊതുവേ പ്രതീക്ഷിക്കരുതെന്നാണ് ഇവയിലൂടെ മനസിലാകുന്നത്. കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നപ്പോഴും നിര്‍ണായ ഘട്ടത്തില്‍ കേന്ദ്രഭരണത്തിന് ഒത്താശ നല്‍കുകയായിരുന്നു കോടതിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Read Also : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം കളക്ടര്‍
കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷങ്ങളും തീവ്ര മത-ജാതി സംഘടനകളും സില്‍വര്‍ ലൈനെതിരെ സമരവുമായി രംഗത്തിറങ്ങിയതിനെയും സിപിഐഎം സെക്രട്ടറി കുറ്റപ്പെടുത്തി. കോടതിയെ അടക്കം ആയുധമാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതി തടയാന്‍ പ്രതിപക്ഷവും തീവ്രമതശക്തികളും ചില വ്യക്തികളും ഒരു സംഘം മാധ്യമങ്ങളും സംഘടിത പരിശ്രമത്തിലാണ്. എന്നാല്‍ സുപ്രിംകോടതി ഉത്തരവ് അത്തരക്കാര്‍ക്ക് കനത്ത പ്രഹരമായി. സര്‍ക്കാരിന്റെ ‘അഭിമാനപദ്ധതി ‘ തടസപ്പെടുത്താന്‍ ഹൈക്കോതി സിംഗിള്‍ ബെഞ്ചിന് അവകാശമില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത് ശരിയായ ദിശാബോധമുള്ള കാര്യമാണ് എന്നും പാര്‍ട്ടി സെക്രട്ടറി ലേഖനത്തില്‍ പറഞ്ഞു.
Read Also : സിൽവർലൈൻ പദ്ധതി; സമരം സുപ്രിംകോടതിക്കെതിരെ; യുഡിഎഫ് പിൻമാറണം; കോടിയേരി
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള സര്‍വീസ് ചട്ട പ്രകാരം സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്.
Story Highlights: kodiyeri balakrishnan criticise kerala high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here