ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…

ഇതാദ്യമായല്ല ലങ്കൻ അതിർത്തി കടന്നുവെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടിച്ചുകൊണ്ടുപോകുന്നത്. ഈ വർഷം മാത്രം ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലായത് 95 പേരാണ്. അതിൽ 53 പേർ ഇപ്പോഴും ജയിലിൽ തന്നെ കഴിയുകയാണ്. കഴിഞ്ഞ പത്തുദിവസത്തിനിടെ, രാമേശ്വരം മേഖലയിൽ നിന്നു മാത്രം കടലിൽ പോയി അറസ്റ്റിലായത് 23 പേരാണ് എന്നാണ് കണക്കുകൾ. യഥാർത്ഥത്തിൽ ലങ്കൻ പേടിയിലാണ് തമിഴ്നാട്. എല്ലാ ദിവസവും പിടിക്കപെടുമോ എന്ന പേടിയിൽ തന്നെയാണ് അതിർത്തികളിലെ ഓരോ ബോട്ടും മത്സ്യബന്ധനത്തിനായി പോകുന്നത്. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നത് ശ്രീലങ്കൻ നാവിക സേന പതിവാക്കിയിരിയ്ക്കുകയാണ്. ഇതുവരെ 53 പേരാണ് ഇപ്പോഴും ശ്രീലങ്കൻ ജയിലിൽ തുടരുന്നത് .
ഇപ്പോൾ രാമേശ്വരം തങ്കച്ചിമഠത്തെ ജെനീറ്റയുടെ ഭർത്താവും ശ്രീലങ്കൻ സേനയുടെ പിടിയിലാണ്. അതിർത്തി ലംഘിച്ച് മൽസ്യബന്ധത്തിന് ഇറങ്ങിയത് തന്നെയാണ് കാരണം. ജെനീറ്റയും മക്കളും ഇപ്പോഴും റോബെർട്ടിന്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുകയാണ്. ഇത് ജെനീറ്റയുടെ മാത്രം കഥയല്ല. രാമനാഥപുരം പോലുള്ള കടലോര മേഖലകളിലെ ഓരോ വീടുകളിലും ഇതുപോലെ ജനീറ്റമാരുണ്ട്. ഉറ്റവരെ കാത്തിരിയ്ക്കുന്നവർ. കാമറയ്ക്കു മുന്നിൽ സംസാരിയ്ക്കാൻ പോലും പേടിയ്ക്കുന്നവർ.
ജെനീറ്റയും ആ പേടിയിൽ തന്നെയാണ്. കാരണം ഭർത്താവ് റോബർട്ടിന്റെ കേസ് ശ്രീലങ്കയിലെ കോടതി പരിഗണിയ്ക്കുന്നത് അടുത്ത ഏഴാം തീയ്യതിയാണ്. എന്തെങ്കിലും പറഞ്ഞാൽ തന്റെ ഭർത്താവ് അവിടെ തന്നെ കഴിയേണ്ടി വരുമോ എന്ന ആശങ്കയാണ് ഇവർക്ക്. ഇത്തരം ആശങ്കകൾ ഓരോ മത്സ്യതൊഴിലാളിയുടെയും വീട്ടിൽ നമുക്ക് കാണാൻ സാധിക്കും.
12 നോട്ടിക്കൽ മൈൽ ദൂരമാണ് തമിഴ് നാട്ടിൽ നിന്നുള്ള മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ഇതിൽ ആറു നോട്ടിക്കൽ മൈൽ ദൂരത്തിൽ മീൻ ലഭിയ്ക്കില്ല. ബാക്കിയുള്ള ഇടത്ത് ഒരേ സമയം എണ്ണൂറോളം ബോട്ടുകളും അതിലേറെ തോണികളുമുണ്ടാകും. പിടിയിലായവരെ വിട്ടയക്കാൻ ശ്രീലങ്ക ആവശ്യപ്പെടുന്നത്, ബോട്ടിലുള്ള മത്സ്യബന്ധനം നിർത്തണമെന്നാണ്. ഇത് അംഗീകരിച്ചാൽ ആയിരക്കണക്കിന് വരുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകും. അതിർത്തികൾ പിരിയ്ക്കാതെ, ശ്രീലങ്കൻ വംശജർക്ക് തമിഴ് നാട് അഭയം നൽകുന്നതുപോലെ തങ്ങൾക്കും മീൻ പിടിച്ച് ഉപജീവനം നടത്താനുള്ള സൗകര്യം വേണമെന്നു മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here