മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് എന്‍.ഒ.സി നിഷേധിച്ച നടപടി; മൂന്നാർ സഹകരണ ബാങ്ക് ഹൈക്കോടതിയിൽ

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് എന്‍ ഒ സി നിഷേധിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ മൂന്നാർ സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. താൽക്കാലിക നിർമ്മാണപ്രവർത്തനങ്ങൾ ഇടക്കാല ഉത്തരവിൻ്റെ ലംഘനമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരേ മന്ത്രി സഭയ്ക്കും ബാങ്ക്, അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ പുതിയതായി നടത്തുന്ന നിര്‍മ്മാണത്തിന് എന്‍ ഒ സി നിഷേധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഉത്തരവിറക്കിയത്. 1,04,610 സ്ക്വയര്‍ഫീറ്റിലുള്ള നിര്‍മ്മാണം റോഡ്,ജലവിതരണം പോലുള്ള ആവശ്യ നിര്‍മ്മാണമല്ല. ബാങ്ക് നടത്തിയത് ഇടക്കാല ഉത്തരവിന്‍റെ ലംഘനമാണെന്നുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെയാണ് ഭൂമി പാട്ടത്തിനെടുത്തിരിക്കുന്ന മൂന്നാർ സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്.
ആകെയുള്ള ഹൈഡല്‍ പാര്‍ക്കിന്‍റെ പതിനേഴ് ഏക്കറില്‍ പതിമൂന്ന് ഏക്കറിനും എന്‍ ഒ സി മുമ്പ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള നാലേക്കറില്‍ സ്ഥിരമായ നിര്‍മ്മാണങ്ങള്‍ ഒന്നും നടത്തുന്നില്ല. താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ഒ സി നിഷേധിക്കേണ്ട കാര്യമില്ലെന്നാണ് ബാങ്ക് ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്.
എന്‍ ഒ സി ഇല്ലാതെയാണ് ഹൈഡൽ പാർക്കിൽ നിര്‍മ്മാണമെന്ന് കാണിച്ചാണ് മൂന്നാറിലെ കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചത്. പരാതിയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. മൂന്നാറിലെ വികസനം തടയുന്നതിനുള്ള ശ്രമമാണത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി വ്യക്തമാക്കി.
Story Highlights: Hydel park munnar Highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here