‘ഐപിഎൽ ശമ്പളം കൊണ്ട് സ്വന്തമായി വീട് വാങ്ങണം’; മുംബൈ ഇന്ത്യൻസ് താരം തിലക് വർമ പറയുന്നു

ഐപിഎൽ ശമ്പളം കൊണ്ട് സ്വന്തമായി വീട് വാങ്ങണെന്ന് മുംബൈ ഇന്ത്യൻസിൻ്റെ യുവതാരം തിലക് വർമ. ചെറുപ്പം മുതൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഐപിഎലിൽ നിന്ന് ലഭിക്കുന്ന പണം അത് മറികടക്കാൻ സഹായിക്കുമെന്നും ഹൈദരാബാദിൽ നിന്നുള്ള 19 വയസുകാരൻ പറയുന്നു. മെഗാ ലേലത്തിൽ 1.7 കോടി രൂപ മുടക്കിയാണ് തിലക് വർമയെ മുംബൈ ടീമിലെത്തിച്ചത്. 2020 അണ്ടർ 19 ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്ന താരമാണ് തിലക്. (tilak varma mumbai indians)
Read Also : ഡല്‍ഹിയെ വീഴ്ത്തി ഗുജറാത്തിന് തുടര്‍ച്ചയായ രണ്ടാം ജയം
“വളർന്നുവരുമ്പോൾ. ഞങ്ങൾക്ക് ഒരുപാട് സാമ്പത്തിക പരാധീനതകളുണ്ടായിരുന്നു. എൻ്റെ ക്രിക്കറ്റ് ചെലവുകളും ചേട്ടൻ്റെ പഠനച്ചെലവുകളും അച്ഛനു ലഭിക്കുന്ന ചെറിയ ശമ്പളത്തിൽ ഏറെ ബുദ്ധിമുട്ടിയാണ് നടന്നിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്പോൺസർഷിപ്പ് പണവും മാച്ച് ഫീയുമൊക്കെയായി എൻ്റെ ക്രിക്കറ്റ് ചെലവുകൾ നടത്തിക്കൊണ്ടുപോകാവുന്ന പണം ലഭിക്കുന്നുണ്ട്. ഞങ്ങൾക്ക് ഇതുവരെ സ്വന്തമായി ഒരു വീടില്ല. ഐപിഎലിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് മാതാപിതാക്കൾക്കായി ഒരു വീട് വെക്കണം. ഐപിഎലിൽ നിന്ന് ലഭിക്കുന്ന പണത്തിലൂടെ ഇനി സ്വതന്ത്രമായി കളിക്കാൻ എനിക്ക് സാധിക്കും. ഐപിഎൽ ലേലത്തിൽ എൻ്റെ തുക വർധിക്കുന്നതുകണ്ട് എൻ്റെ പരിശീലകൻ കരഞ്ഞു. മാതാപിതാക്കളെ വിളിച്ചപ്പോൾ അവരും കരയുകയായിരുന്നു.”- തിലക് വർമ പറഞ്ഞു.
കഴിഞ്ഞ ഏതാനും സീസണുകളിലായി ഹൈദരാബാദ് ജഴ്സിയിൽ നടത്തുന്ന തകർപ്പൻ പ്രകടനങ്ങളാണ് തിലക് വർമയ്ക്ക് ഐപിഎൽ കരാർ നേടിക്കൊടുത്തത്. 16 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 52 ശരാശരിയും 96 സ്ട്രൈക്ക് റേറ്റുമുള്ള തിലക് 784 റൺസ് നേടിയിട്ടുണ്ട്. 17 ടി-20 മത്സരങ്ങളിൽ നിന്ന് 464 റൺസും താരത്തിനുണ്ട്. 31 ആണ് ശരാശരി. 148 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഐപിഎലിൽ രണ്ട് മത്സരം കളിച്ച താരം നേടിയത് 22, 61 എന്നീ സ്കോറുകളാണ്. ഇന്നലെ രാജസ്ഥാനെതിരെ നേടിയ 61 റൺസ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഐപിഎലിൽ ഇതുവരെ പന്തെറിഞ്ഞിട്ടില്ലെങ്കിലും ഭേദപ്പെട്ട ഓഫ് സ്പിന്നർ കൂടിയാണ് തിലക്.
Story Highlights: tilak varma mumbai indians ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here