Advertisement

മാത്യു കുഴല്‍നാടന് മുന്‍പേ അജേഷിന്റെ വായ്പാ കുടിശിക അടച്ചുതീര്‍ത്ത് സിഐടിയു

April 4, 2022
Google News 1 minute Read

മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്പാ കുടിശ്ശിക അടച്ചുതീര്‍ത്ത് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സിഐടിയു. മുഴുവന്‍ തുകയും അടച്ചതായി ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. അജേഷിന്റെ വായ്പാ കുടിശിക ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പായി തന്നെ സിഐടിയു അജേഷിന്റെ കുടിശിക അടച്ചുതീര്‍ക്കുകയായിരുന്നു.

മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷും ഭാര്യയും ആശുപത്രിയിലായിരിക്കെ ബാങ്ക് അധികൃതര്‍ അജേഷിന്റെ വീട് ജപ്തി ചെയ്യാനെത്തിയതാണ് വിവാദമായത്. ബാങ്കുകാര്‍ ജപ്തി നടപടിയുമായി മുന്നോട്ടുപോയതോടെ അവരുടെ നാലു കുട്ടികളും പെരുവഴിയിലാകുകയായിരുന്നു.

കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാന്‍ സാവകാശം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

ദളിത് കുടുംബത്തിലെ ഗൃഹനാഥന്‍ ഹൃദ്രോഗത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തുമ്പോള്‍ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎല്‍എയെ അറിയിച്ചത്.

രാത്രി എട്ടരയോടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. എന്നാല്‍, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.

Story Highlights: CITU settled Ajesh’s loan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here