Advertisement

‘മഹാത്മാഗാന്ധി വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ നന്നാക്കാന്‍ കഴിഞ്ഞില്ല, പിന്നെയാണോ സുധാകരന്‍?’; പരിഹസിച്ച് കോടിയേരി

April 4, 2022
Google News 1 minute Read

കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഹാത്മാഗാന്ധി വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ നന്നാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പിന്നെയാണോ സുധാകരനെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. ഐഎന്‍ടിയുസി വിവാദം ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎന്‍ടിയുസി തര്‍ക്കം കോണ്‍ഗ്രസ് നേരിടുന്ന അപചയത്തിന്റെ തെളിവാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.(kodiyeri balakrishnan slams congress)

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് കെ വി തോമസിന് സുസ്വാഗതമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ വി തോമസിന്റെ പല നിലപാടുകളും ശരിയായ നിലയിലുള്ളതാണ്. സിപിഐഎം സെമിനാറില്‍ വരാന് താത്പര്യമുള്ളവര്‍ക്കെല്ലാം സ്വാഗതം. ബിജെപിയെ തൃപ്തിപ്പെടുത്താനാണ് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

എന്നാല്‍ ഐഎന്‍ടിയുസി വിവാദം കെട്ടടങ്ങിയെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാദം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പലതവണ പറഞ്ഞത് താന്‍ കേട്ടെന്നും സ്വന്തമെന്ന വാക്കിന് വലിയ അര്‍ഥമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

പോഷകസംഘടന എന്ന പദവിയേക്കാള്‍ പ്രാധാന്യം എഐസിസി ഐഎന്‍ടിയുസിക്ക് നല്‍കുന്നുണ്ടെന്ന് സുധാകരന്‍ വിശദീകരിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ട്. മറ്റൊരു പോഷക സംഘടനയില്‍ നിന്നുള്ള പ്രതിനിധികളും വര്‍ക്കിംഗ് കമ്മിറ്റിയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോഷക സംഘടന എന്ന ലേബലില്‍ ഐഎന്‍ടിയുസി ഇല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ഐഎന്‍ടിയുസിയെ ഒഴിച്ചുനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ ആകില്ല. പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഐഎന്‍ടിയുസിക്കാര്‍ തെറ്റിദ്ധരിച്ചതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രതിപക്ഷനേതാവിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ അച്ചടക്ക ലംഘനമാണ്. വിഡി സതീശനെതിരായ വാര്‍ത്താ സമ്മേളനത്തില്‍ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും കെപിസിസി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.

Story Highlights: kodiyeri balakrishnan slams congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here