‘പാപം തീരട്ടെ’, കുറ്റവാളിക്കൊപ്പം ഗംഗയിൽ പുണ്യ സ്നാനം നടത്തി പൊലീസ്

ഉത്തർപ്രദേശിൽ നിന്നും പിടിയിലായ കൊടും കുറ്റവാളിക്കൊപ്പം ഗംഗാ നദിയിൽ മുങ്ങി നിവർന്ന് മധ്യപ്രദേശ് പൊലീസ്. കൈവിലങ്ങുകൾ ധരിപ്പിച്ച ശേഷമായിരുന്നു പ്രതിയുമായുള്ള സംഘനത്തിന്റെ പുണ്യ സ്നാനം. സംഭവം പുറത്തറിഞ്ഞതോടെ ബന്ധപ്പെട്ട പൊലീസുകാർക്ക് എസ്പി കൃത്യവിലോപത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഒന്നര മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ഫെബ്രുവരി 16 ന് മധ്യപ്രദേശിലെ ബുർഹാൻപൂരിൽ നിന്നുള്ള പൊലീസ് സംഘം ഉത്തർപ്രദേശിലേക്ക് പുറപ്പെട്ടു. ലാൽബാഗ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറും കോൺസ്റ്റബിളും ഉൾപ്പെടുന്ന സംഘം യുപിയിലെ പ്രതാപ്ഗഡിൽ എത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊടും കുറ്റവാളിയെ പിടികൂടുകയും ചെയ്തു.
എന്നാൽ ഇയാളെ സ്‌റ്റേഷനിൽ എത്തിക്കുന്നതിന് പകരം ഉദ്യോഗസ്ഥർ നേരെ പോയത് ഗംഗാ നദിയിലേക്കാണ്. പാപങ്ങൾ കഴുകിക്കളയാൻ സംഘം കള്ളനുമായി പുണ്യ സ്നാനം നടത്തുകയായിരുന്നു. പുലർച്ചെയുള്ള പൊലീസിൻ്റെ സ്നാനം കണ്ട് മറ്റ് ഭക്തരും ഞെട്ടി. ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ ചിലർ ശ്രമിച്ചെങ്കിലും പൊലീസുകാർ തടഞ്ഞു.
പാപങ്ങൾ ഇല്ലാതാകുമെന്നും ദിവസം ശുഭകരമാകുമെന്നും കരുതിയാണ് ഗംഗയിൽ ഇറങ്ങിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. കള്ളനെ മറ്റൊരിടത്തും നിർത്താൻ കഴിയില്ലെന്നും അതിനാലാണ് പ്രതിയെ കൂടെ കൂട്ടിയതെന്നും പൊലീസ് വാദിച്ചു.
Story Highlights: MP Cops Take ‘Holy Dip’ In Ganga With Accuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here