14 പന്തുകളിൽ ഫിഫ്റ്റി!; വിസ്ഫോടനാത്മ ബാറ്റിംഗുമായി കമ്മിൻസ്; മുംബൈ വീണ്ടും തോറ്റു

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. 5 വിക്കറ്റിനാണ് കൊൽക്കത്ത മുംബൈയെ കീഴടക്കിയത്. മുംബൈ മുന്നോട്ടുവച്ച 162 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി 16 ഓവറിൽ അത് മറികടന്നു. 56 റൺസെടുത്ത് പുറത്താവാതെ നിന്ന പാറ്റ് കമ്മിൻസ് കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 റൺസെടുത്ത് പുറത്താവാതെ നിന്നു. മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്.
മോശം തുടക്കമാണ് കൊൽക്കത്തയ്ക്കും ലഭിച്ചത്. അജിങ്ക്യ രഹാനെ (7) വേഗം മടങ്ങി. രഹാനെയെ തൈമൽ മിൽസ് ഡാനിയൽ സാംസിൻ്റെ കൈകളിലെത്തിച്ചു. ശ്രേയാസ് അയ്യർ (10) ഡാനിയൽ സാംസിൻ്റെ പന്തിൽ തിലക് വർമ പിടിച്ച് പുറത്തായി. നന്നായി തുടങ്ങിയ സാം ബില്ലിങ്സും (17), നിതീഷ് റാണയും (8) മുരുഗൻ അശ്വിനു മുന്നിൽ വീണു. ബില്ലിങ്സിനെ ബേസിൽ തമ്പിയും നിതീഷിനെ ഡാനിയൽ സാംസുമാണ് പിടികൂടിയത്. റസലിലെ (11) തൈമൽ മിൽസ് ഡെവാൾഡ് ബ്രെവിസിൻ്റെ കൈകളിലെത്തിച്ചു. ഒരുവശത്ത് തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും പിടിച്ചുനിന്ന വെങ്കടേഷ് ഭാഗ്യത്തിൻ്റെ അകമ്പടിയോടെ 41 പന്തുകളിൽ ഫിഫ്റ്റി തികച്ചു.
ഏഴാം നമ്പറിൽ ക്രീസിലെത്തിയ പാറ്റ് കമ്മിൻസിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗാണ് കൊൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഗ്രൗണ്ടിൻ്റെ നാലുപാടും ഷോട്ടുകൾ പായിച്ച ഓസീസ് താരം മുംബൈ ബൗളർമാരെ ഒറ്റക്ക് ഛിന്നഭിന്നമാക്കി. വെറും 14 പന്തുകളിൽ കമ്മിൻസ് ഫിഫ്റ്റി തികച്ചു. ഐപിഎലിൽ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണിത്. കമ്മിൻസിനൊപ്പം ലോകേഷ് രാഹുലും ഈ നേട്ടം പങ്കിടുന്നുണ്ട്. ഡാനിയൽ സാംസ് എറിഞ്ഞ 16ആം ഓവറിൽ 35 റൺസടിച്ച കമ്മിൻസ് തകർപ്പൻ വിജയവും കൊൽക്കത്തയ്ക്ക് നേടിക്കൊടുത്തു.
Story Highlights: mumbai indians lost kolkata knight riders ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here