എഐസിസി അംഗമായ കെ.വി.തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാം: ഹൈക്കമാന്‍ഡ്

എഐസിസി അംഗമായ കെ.വി.തോമസിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ്. കെപിസിസിയെ മറികടന്ന് തീരുമാനം എടുക്കില്ലെന്നും ഹൈക്കമാന്‍ഡ്.
സിപിഐഎം സെമിനാറിലെ വിലക്ക് സംബന്ധിച്ച് കെപിസിസി നിലപാട് തന്നെയാണ് ഹൈക്കമാന്‍ഡിനും ഉള്ളതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം മുന്‍പ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കെ.വി.തോമസ് കേന്ദ്ര നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. അപ്പോഴും നല്‍കിയ നിര്‍ദേശം കെപിസിസി മുന്നോട്ട് വച്ച നിലപാട് തുടരണമെന്നതായിരുന്നു. കെപിസിസി വിലക്ക് ലംഘിച്ചുകൊണ്ട് ഈ സെമിനാറില്‍ പങ്കെടുക്കരുതെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി.തോമസ് ഇന്ന് വ്യക്തമാക്കിയതോടെ നടപടിയെക്കാനുള്ള അധികാരം കെപിസിസിക്ക് നല്‍കുകയായിരുന്നു. ഇനി കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന വേളയില്‍ തന്നെ കെപിസിസിക്ക് നടപടി സ്വീകരിക്കാം. തുടര്‍ന്ന് ആ നടപടി എഐസിസിയെ അറിയിക്കുകയും നടപടിയില്‍ അംഗീകാരം നല്‍കുകയും മാത്രമായിരിക്കും എഐസിസി ചെയ്യുക. കെപിസിസി തീരുമാനം എന്തു തന്നെയാണെങ്കിലും അത് അംഗീകരിക്കുമെന്നാണ് എഐസിസി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഭീഷണിപ്പെടുത്തിക്കൊണ്ട് ഒരു പാര്‍ട്ടിക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കെ.സുധാകരനെ സൂചിപ്പിച്ച് കെ.വി.തോമസ് പറഞ്ഞു. ജനിച്ചതും വളര്‍ന്നതും കോണ്‍ഗ്രസുകാരനായിട്ടാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. പാര്‍ട്ടിയില്‍ അംഗത്വമില്ലാതായാലും ആ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ജനനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരുണ്ടെന്നും കെ.വി.തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
‘സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് എതിര്‍പ്പ് എന്തിനാണെന്നറിയില്ല. കെ.സുധാകരന്റെ ശൈലിയായിരിക്കാം അത്. പക്ഷേ ഭീഷണിപ്പെടുത്തിക്കൊണ്ട് ഒരു പാര്‍ട്ടിക്കും മുന്നോട്ടുപോകാന്‍ കഴിയില്ല. കോണ്‍ഗ്രസുകാരാനായി തുടരണമെങ്കില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് നിര്‍ബന്ധമില്ല. ആ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എത്രയോ പേരുണ്ട്. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കോണ്‍ഗ്രസ് അന്തരീക്ഷത്തിലായിരുന്നു.
രാജ്‌മോഹന്റെ വിമര്‍ശനങ്ങള്‍ക്കൊന്നും ഇപ്പോള്‍ മറുപടി പറയുന്നില്ല. പ്രായമായതാണോ സീറ്റ് നിഷേധിച്ചതിന് കാരണമെന്ന് ചോദിച്ച കെ.വി.തോമസ് സീറ്റ് കൊടുക്കുന്നത് ആരുടെയും ഔദാര്യമല്ല. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നും വ്യക്തമാക്കി. കിട്ടിയത് പോരാ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി വലുത് തന്നെയാണ്. പക്ഷേ പാര്‍ട്ടിയെ നയിക്കുന്ന ചിലരുടെ നിലപാടാണ് എതിര്‍ക്കപ്പെടേണ്ടത്. കെ.വി.തോമസ് ചൂണ്ടിക്കാട്ടി.
സംസ്ഥാന രാഷ്ട്രീയത്തിന് പകരം, വിശാലമായ ദേശീയ രാഷ്ട്രീയമാണ് താന്‍ മുന്നില്‍ കാണുന്നതെന്ന് പറഞ്ഞ കെ.വി.തോമസ്, കോണ്‍ഗ്രസിന്റെ ബലം കൊണ്ടാണോ ബലക്കുറവ് കൊണ്ടാണോ രണ്ടാമതും സിപിഐഎം കേരളത്തില്‍ വന്നതെന്ന് ആലോചിക്കണമെന്ന് കൂട്ടിച്ചേര്‍ത്തു. ‘2024ഉം ബിജെപി അധികാരത്തിലെത്തിയാല്‍ കേരള രാഷ്ട്രീയം എന്തുചെയ്യും? കേരളത്തില്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എത്ര സീറ്റുണ്ട്? എവിടെയാണ് കുഴപ്പമുണ്ടായതെന്ന് പരിശോധിക്കട്ടെ. കെ.വി.തോമസ് പ്രതികരിച്ചു.
Story Highlights: KPCC can take action against AICC member KV Thomas: High Command
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here