ഹൈക്കോടതി മുന്‍ ജഡ്‌ജിയുടെ വീട്ടില്‍ കയറി പത്ത് ലക്ഷം രൂപയുടെ ആഭരണം മോഷ്ടിച്ച നേപ്പാള്‍ പൗരന്മാർ പിടിയിൽ

തമിഴ്‌നാട് ഹൈക്കോടതി മുന്‍ ജഡ്‌ജിയുടെ വീട്ടില്‍ കയറി മൂന്ന് ദിവസം താമസിച്ച് പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച നേപ്പാള്‍ പൗരന്മാർ പിടിയിൽ. തമിഴ്‌നാട്ടിലെ അണ്ണാനഗറിലുള്ള മുന്‍ ജഡ്‌ജ് ജ്ഞാനപ്രകാശിന്‍റെ വീട്ടിലാണ് മോഷ്ടാക്കൾ അഴിഞ്ഞാട്ടം നടത്തിയത്. അണ്ണാനഗര്‍ പൊലീസ് അസിസ്റ്റന്‍ഡ് കമ്മിഷണര്‍ രവിചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ കുടുക്കിയത്. ഇവരില്‍ നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ പൊലീസ് നേപ്പാള്‍ എംബസിയെ അറസ്റ്റ് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 22 നാണ് സംഘം ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറിയത്. മൂന്ന് ദിവസം മദ്യപാനവും വീട്ടിലെ സുഖസൗകര്യവും ആസ്വദിച്ച് കഴിഞ്ഞു. 29നാണ് ജ്ഞാനപ്രകാശം തന്‍റെ വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം അറിയുന്നത്. ഇപ്പോഴാണ് മോഷ്ടാക്കൾ പിടിയിലാകുന്നത്.
Read Also : ക്രിമിനൽ നടപടി ബിൽ; അമിത് ഷായും ബിനോയ് വിശ്വവും തമ്മിൽ ലോക്സഭയിൽ തർക്കം
തുടര്‍ച്ചയായി മൂന്ന് ദിവസം സൈക്കിളില്‍ ഒരാള്‍ ജ്ഞാനപ്രകാശിന്‍റെ വീട്ടില്‍ നിന്ന് പോവുകയും വരുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ചത്. തുടര്‍ന്ന് ആ പ്രദേശത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അങ്ങനെ സൈക്കിള്‍ പിന്തുടർന്ന് പൊലീസ് എത്തിച്ചേര്‍ന്നത് ചെന്നൈയിലെ ഷേണായി നഗറിലെ വീട്ടിലാണ്.
ഇവിടെനിന്നാണ് നേപ്പാളി പൗരനായ ഭുവനേശ്വറിനെ പൊലീസ് പിടികൂടിയത്. ഇയാൾ വഴിയാണ് ലാല്‍, ഗണേശന്‍, ബദ്രയി എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഗണേശനേയും ബദ്രോയിയേയും ബംഗളൂരുവില്‍ നിന്നും ലാലിനെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: Nepalis arrested for robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here