Advertisement

കോൺ​ഗ്രസ് തകർന്ന് ബി.ജെ.പി വളരണമെന്ന സന്ദേശമാണ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് നൽകുന്നതെന്ന് വി.‍ഡി. സതീശൻ

April 8, 2022
Google News 2 minutes Read
vd

കോൺ​ഗ്രസ് തകർന്ന് ബി.ജെ.പി വളരണമെന്ന സന്ദേശമാണ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാനുള്ള ചർച്ചകളാണ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ നടക്കുന്നത്. ഒരു കാരണവശാലും കോൺ​ഗ്രസുമായി സന്ധി ചേരാൻ പറ്റില്ലെന്ന നിലപാടാണ് സി.പി.ഐ.എം കേരള ഘടകം കൈക്കൊള്ളുന്നത്.

കോൺ​ഗ്രസുമായി ചേർന്നാൽ സിൽവർ ലൈന് പ്രധാനമന്ത്രി അനുമതി നൽകില്ല. കേരളത്തിലെ സി.പി.ഐ.എം നേതൃത്വവും ബി.ജെ.പി ദേശീയ നേതൃത്വവും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ കോൺ​ഗ്രസും ഇടതുപക്ഷവും ചേർന്നുള്ള സഖ്യമുണ്ടാകില്ലെന്നുള്ള കാര്യം പിണറായി വിജയൻ ബി.ജെ.പിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട്. കോൺ​ഗ്രസിന്റെ അനുമതിയില്ലാതെ മറ്റൊരു പാർട്ടിയുടെ സമ്മേളനത്തിൽ കെ.വി. തോമസ് പങ്കെടുക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും വി.‍ഡി. സതീശൻ വ്യക്തമാക്കി.

Read Also : രാഹുല്‍ ഗാന്ധിയുടെ മൃദു ഹിന്ദുത്വം അംഗീകരിക്കാനാവില്ല; സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി. തോമസ് ഇന്ന് കണ്ണൂരിലേക്ക് പോകും. സി.പി.ഐ.എം വേദിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താനെന്ന് കെ.വി. തോമസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കെ.വി. തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

കെ.വി. തോമസ് കാണിച്ച തീരുമാനം ആണത്തമാണെന്ന് എം.എം. മണി പ്രതികരിച്ചു. നല്ല രാഷ്ട്രീയ വീക്ഷണമുള്ള നേതാവാണ് കെ.വി. തോമസ്. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസ് വരുന്നത്. അദ്ദേഹത്തിന്റെ തീരുമാനം വിലക്കുന്നത് തന്നെ ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്. എം.എം. മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കുമെന്നതില്‍ ഇന്ന് തീരുമാനം അറിയാം.കെ വി തോമസ് സ്വന്തംനിലയില്‍ പാര്‍ട്ടി വിട്ടു പുറത്തേക്ക് പോകുന്നെങ്കില്‍ പോകട്ടെ എന്നതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.

കെ വി തോമസിനെതിരെ എന്ത് നടപടി എടുക്കണമെന്ന കാര്യത്തില്‍ കെ.പി.സി.സി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെക്കുമ്പോള്‍, കെ.വി. തോമസിനെ പൂര്‍ണമായും അവഗണിക്കണമെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം.

Story Highlights: VD Satheesan against CPI (M) party congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here