Advertisement

കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ്

April 10, 2022
Google News 1 minute Read

കെപിസിസി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​​ഗ്രസ്. കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത് നടപടിക്കായി എഐസിസി അച്ചടക്ക സമിതിക്ക് വിട്ടേക്കും. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കെ.വി.തോമസ് എഐസിസി അം​ഗമായതിനാൽ സസ്പെൻഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ കെപിസിസിക്ക് കഴിയില്ല. കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് മറുപടി തേടിയ ശേഷമായിരിക്കും നടപടി. കടുത്ത നടപടി വേണമെന്ന ആവശ്യമാണ് കോൺ​ഗ്രസ് നേതൃത്വത്തിലുള്ളത്.

കഴിഞ്ഞ ഒരു വർഷമായി കെ.വി.തോമസിന് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി.തോമസ് സിപിഐഎം സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാർട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെപിസിസി. കത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവർത്തകനും പാർട്ടിക്ക് നല്ലതല്ല. അദ്ദേഹം പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങൾക്കുള്ളത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി.തോമസ് സിപിഐഎമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി.തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ല. അർഹതയില്ലാത്ത കൈയിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നുവെന്നും സുധാകരൻ പ്രതികരിച്ചു.

രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയുടെ പ്രകടമായ ലക്ഷണമാണ് പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള തോമസിന്റെ പ്രസംഗമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ എംഎൽഎ, മന്ത്രി, എംപി, കേന്ദ്രമന്ത്രി, വർക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിണറായി വിജയന്റെ മഹത്വം മനസിലാക്കാൻ കഴിയാതിരുന്നത്. ഇപ്പോൾ രാഷ്ട്രീയ കച്ചവടം നടന്നുകഴിഞ്ഞു. അതിന്റെ പുറത്താണ് പിണറായിയെ അദ്ദേഹം പുകഴ്ത്തുന്നത്. ഇനി പിണറായിയോട് വിധേയത്വം വരും, മഹത്വം വരും. അത് സ്വാഭാവികമാണ്. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ് അത്. ഒന്നുമില്ലാത്ത കുടിലിൽനിന്ന് കോൺഗ്രസ് പാർട്ടിക്കകത്തേക്ക് കടന്നുവന്ന കെ.വി.തോമസ് എന്ന നേതാവ് ഇന്ന് വളരെ സമ്പന്നനാണ്. മുക്കുവ കുടിലിൽനിന്ന് വന്ന അദ്ദേഹത്തിന്റെ ആസ്തി ഇന്ന് എത്രയാണെന്ന് പരിശോധിച്ചുനോക്കുക. ഇതൊക്കെ ഉണ്ടാക്കാൻ പറ്റിയപ്പോൾ കോൺഗ്രസ് നല്ലതായിരുന്നു. ഇനി കിട്ടാനില്ല, ഉണ്ടാക്കാൻ അവസരം ഇല്ലാതെ വന്നപ്പോൾ പിണറായി വിജയനാണ് അദ്ദേഹത്തിന്റെ കൺകണ്ട ദൈവമെങ്കിൽ അത് രാഷ്ട്രീയ നട്ടെല്ലില്ലാത്തതിന്റെ ഏറ്റവും വലിയ തെളിവാണ്. ഈ ചതിയും വഞ്ചനയും ജനങ്ങൾ തിരിച്ചറിയും. കെ റെയിൽ പദ്ധതിയെക്കുറിച്ച് കെ.വി.തോമസിന് വിവരമില്ലാത്തതു കൊണ്ടാണ് അദ്ദേഹം അതിനെ പിന്തുണയ്ക്കുന്നത്. അതിനെ കുറിച്ച് പഠിച്ച ആരും ആ പദ്ധതിയെ പിന്തുണയ്ക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights: Congress tightens stance against KV Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here