Advertisement

എവർട്ടൺ ആരാധകന്റെ ഫോൺ പൊട്ടിച്ച സംഭവം, ക്ഷമാപണം നടത്തി റൊണാൾഡോ

April 10, 2022
Google News 4 minutes Read
cristiano-ronaldo-apologises-for-outburst

എവർട്ടൺ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എവർട്ടണിനോട് 1-0 ന് തോറ്റ് മൈതാനം വിടുമ്പോഴാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മോശമായി പെരുമാറിയത്. ഫോൺ എറിഞ്ഞു പൊട്ടിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു.

ഗൂഡിസൺ പാർക്കിലെ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പ്രീമിയർ ലീഗ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരുന്നു. ടോപ് ഫോർ പ്രതീക്ഷകൾ ഇല്ലാതാക്കിയതിന്റെ നിരാശയിൽ ഡ്രസിങ് റൂമിലേക്ക് പോവുന്ന വഴി റൊണാൾഡോ തന്റെ രോഷം എവർട്ടൺ ആരാധകന്റെ ഫോണിനോടു തീർക്കുകയായിരുന്നു. തുടർന്ന് താരത്തിനെതിരെ പ്രതിഷേധം കനത്തു.

പിന്നാലെയാണ് റൊണാൾഡോ ക്ഷമാപണം നടത്തിയത്. “ഞങ്ങൾ ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടേറിയ നിമിഷങ്ങളിൽ വികാരങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമുള്ള കാര്യമല്ല. പൊട്ടിത്തെറിക്ക് ഞാൻ ക്ഷമാപണം നടത്തുന്നു. സാധ്യമാണെങ്കിൽ ഈ ആരാധകനെ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന ഒരു മത്സരം കാണാൻ ക്ഷണിക്കാനും ഞാൻ ആഗ്രഹിക്കുന്നു.” തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ റൊണാൾഡോ വ്യക്തമാക്കി.

ഇന്നലത്തെ തോൽവിയോടെ കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുള്ളൂ. ഈ സീസണിൽ കിരീടപ്രതീക്ഷകൾ ഒന്നുമില്ലാത്ത യുണൈറ്റഡിന് ഈ തോൽവിയോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുമെന്ന കാര്യത്തിലും ഉറപ്പില്ലാതായിട്ടുണ്ട്. അടുത്ത മത്സരത്തിൽ തരംതാഴ്ത്തൽ മേഖലയിൽ കിടക്കുന്ന നോർവിച്ച് സിറ്റിയെയാണ് യുണൈറ്റഡ് നേരിടേണ്ടത്.

Story Highlights: cristiano ronaldo apologises for outburst

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here