Advertisement

കെഎസ്ആർറ്റിസിയിൽ ഈ മാസത്തെ ശമ്പളം ഇതുവരെ കൊടുത്തില്ല; സമരം തുടങ്ങുമെന്ന് ഇടത് അനുകൂല യൂണിയനുകൾ

April 10, 2022
Google News 1 minute Read
antony raju

കെഎസ്ആർറ്റിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകൾ രം​ഗത്ത്. ശമ്പളം കിട്ടിയില്ലെങ്കിൽ ഉടൻ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.റ്റി.ഇ.എ (സി.ഐ.ടി.യു) പറഞ്ഞു. വിഷുവും ഈസ്റ്ററും എത്തിയിട്ടും ശമ്പളം നൽകാത്തതിനെ ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിനോദ് വ്യക്തമാക്കി.

കെ സ്വിഫ്റ്റ് സർവീസ് ഉദ്ഘാടന ദിനമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും വ്യക്തമാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. കഴിഞ്ഞ മാസം ഒമ്പതിനാണ് ശമ്പളം വിതരണം ചെയ്യാനായത്. എന്നാൽ ഈ മാസം പത്താംതീയതിയായിട്ടും ശമ്പളം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്ന് ശമ്പളം ലഭിക്കുമെന്നതിനെപ്പറ്റി ഒരറിയിപ്പും കോർപ്പറേഷന്റെ ഭാ​ഗത്ത് നിന്ന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാൻ ജീവനക്കാർ നിർബന്ധിതരാവുന്നത്.

Read Also : കെ സ്വിഫ്റ്റ്; പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

90 കോടിയാണ് ശമ്പളവിതരണത്തിനായി വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതിനെപ്പറ്റി ഒരു ധാരണയുമായിട്ടില്ല. കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെയുണ്ടായ ഇന്ധനവില വർദ്ധനവാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധിക്ക് കാരണം. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആർ.റ്റി.സിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ പഴി ചാരുന്നുവെന്ന് വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗമെഴുതിയിരുന്നു. കാര്യശേഷിയുള്ള മാനേജ്‌മെന്റ് നഷ്ടത്തിലാണ് എന്ന പല്ലവി ആവര്‍ത്തിക്കുകയല്ല ചെയ്യേണ്ടതെന്നും തൊഴിലാളികളെ കുറ്റപ്പെടുത്തി കൈകഴുകുന്നതിനു പകരം യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തി പരിഹരിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സ്ഥാപനം നഷ്ടത്തിലാകുന്നതിന് കാരണങ്ങള്‍ പലതാണ്. ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളേയും ജീവനക്കാരേയും പഴിചാരുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ഉണ്ടാകാറുള്ളത്. ഇതിൻ്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആന്‍റണി രാജുവില്‍ നിന്നുണ്ടായതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്ഥാപനത്തിന് നല്ല വരുമാനം നേടിക്കൊടുക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റിനു കീഴിലേക്ക് മാറുന്നത് കെ.എസ്ആര്‍റ്റിസിയുടെ വരുമാന നഷ്ടത്തിനാണ് കാരണമാകുക.

ഇന്ധന വിലവര്‍ധനവാണ് കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യതയുണ്ടാക്കുന്നത്. വില കുത്തനെ ഉയര്‍ത്തിയതിന്റെ ശിക്ഷയും തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിരിച്ചുവിടലും നിര്‍ത്തിവയ്ക്കലുമാണ് പ്രതിവിധിയെന്ന നിലയിലാണ് മന്ത്രിയും സ്ഥാപന മേധാവികളും പ്രശ്‌നത്തെ സമീപിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Story Highlights: KSRTC employees say strike will begin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here